അലക്ഷ്യമായ ഡ്രൈവിങ്; അപകട ദൃശ്യം പങ്കുവെച്ച് പൊലീസ്

അലക്ഷ്യമായ ഡ്രൈവിങ്ങും പൊടുന്നനെയുള്ള ലൈൻ മാറ്റവും മൂലമുണ്ടായ കൂട്ടിയിടിയും തുടർന്ന് വാഹനം മറിയുന്നതിൻറെയും വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസ്. ഇടത്തേ അറ്റത്തെ ലൈനിലൂടെ പോവുകയായിരുന്ന കാർ അതിവേഗം ലൈൻ മാറുകയും മുന്നിൽ പോയ വാഹനത്തെ മറികടന്ന് വീണ്ടും പഴയ ലൈനിലേക്ക് തിരിച്ചുകയറാനും നടത്തിയ ശ്രമത്തിൽ മറ്റൊരു വാഹനത്തെ തട്ടി മറിയുന്നതാണ് വിഡിയോയിൽ കാണുന്നത്.

ഇടത്തേ അറ്റത്തെ റോഡ് ബാരിക്കേഡിൽ തട്ടിയാണ് കാർ മറിയുന്നത്. അതേസമയം ഈ കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ മറ്റൊരു വാഹനം തലനാരിഴക്കാണ് മറ്റൊരു കൂട്ടിയിടിയിൽനിന്ന് രക്ഷപ്പെട്ടത്.

മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും യാത്രികരുടെയും ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ വാഹനമോടിക്കുന്നത് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയൻറും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുന്നതിനും ഇടയാക്കുമെന്ന് അധികൃതർ ഓർമിപ്പിച്ചു.

പിടിച്ചെടുക്കുന്ന വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹമാണ് പിഴ കെട്ടേണ്ടത്. മൂന്നുമാസത്തിനുള്ളിൽ ഈ തുക കെട്ടിയില്ലെങ്കിൽ വാഹനം പരസ്യമായി ലേലം ചെയ്യും.

അപകടങ്ങൾക്ക് പ്രധാന കാരണമാവുന്ന പൊടുന്നനെയുള്ള ലൈൻമാറ്റവും ഇതര വാഹനങ്ങളിൽനിന്ന് മതിയായ അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *