ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല; ചാപ്പലിൽ നിന്ന് കറുത്ത പുക ഉയർന്നു

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല. കർദിനാൾമാരുടെ പേപ്പൽ കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തിരഞ്ഞെടുത്തില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയാണ് ഉയർന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ആർക്കും കഴിഞ്ഞില്ല. രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ഉച്ചക്കും വൈകിട്ടും രണ്ടു റൗണ്ടായി നടക്കും. 71 രാജ്യങ്ങളിൽ നിന്ന് വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇറ്റാലിയൻ കർദ്ദിനാൾ പിയട്രോ പരോളിൻ, ഫിലിപ്പിനോ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ, ഹംഗേറിയൻ കർദ്ദിനാൾ പീറ്റർ എർദോ എന്നിവരിൽ ഒരാളാകും പുതിയ മാർപാപ്പ എന്നാണ് സൂചന.

ഇന്നലെ മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ആരംഭിച്ചിരുന്നു. 133 കർദ്ദിനാളുമാർ എത്തിച്ചേർന്നതോടെ സിസ്റ്റൈൻ ചാപ്പൽ അടച്ചു. ലാറ്റിൻ മന്ത്രങ്ങളോടും ഓർഗൻ സംഗീതത്തിന്റെ അലയടികളോടെയുമാണ് കർദിനാൾമാർ 500 വർഷം പഴക്കമുള്ള മുറിയിലേക്ക് പ്രവേശിച്ചത്. കോൺക്ലേവിനെ കുറിച്ച് ഒന്നും പറയില്ലെന്ന് സുവിശേഷങ്ങളിൽ കൈവെച്ച് പ്രതിജ്ഞയെടുത്തു. തുടർന്ന് കോൺക്ലേവിൽ പങ്കെടുക്കാത്തവർ പുറത്ത് കടക്കണമെന്ന് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നയാൾ ആവശ്യപ്പെടുകയും ചാപ്പലിന്റെ വാതിലുകൾ കൊട്ടിയടക്കുകയും ചെയ്തു.

മൊബൈൽ ഫോണോ മറ്റ് മാധ്യമങ്ങളോ ഇല്ലാതെ പുറംലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേതിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കർദ്ദിനാൾമാർ തങ്ങൾക്ക് താൽപര്യമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും. ഒരു സ്ഥാനാർത്ഥിക്ക് മുന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഈ വോട്ടെടുപ്പ് ആവർത്തിക്കും. ചിലപ്പോൾ ഇത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടേക്കാം. മുമ്പ് വോട്ടെടുപ്പ് മാസങ്ങളോളം നീണ്ടുനിന്ന സമയമുണ്ടായിട്ടുണ്ട്. കോൺക്ലേവിനിടെ ചില കർദ്ദിനാൾമാർ മരിച്ച സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. കോൺക്ലേവ് എങ്ങനെ പുരോഗമിക്കുന്നു എന്നത് മനസിലാക്കുന്ന സൂചന, കർദ്ദിനാൾമാർ ബാലറ്റ് പേപ്പറുകൾ കത്തിക്കുന്നതിലൂടെ ദിവസത്തിൽ രണ്ട് തവണ ഉയർന്നുവരുന്ന പുക മാത്രമാണ്. കറുത്ത പുക മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാർപാപ്പയെ തിരഞ്ഞെടുത്തുവെന്നുമാണ് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *