സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവനയെ ശക്തമായ അപലപിച്ച് ഖത്തർ. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനയെന്ന് ഖത്തർ വിദേശകാര്യമന്ത്രലയം വ്യക്തമാക്കി. സൗഹൃദരാജ്യമായ സൗദി അറേബ്യയോട് പൂർണമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, ഇസ്രായേലിന്റെ പ്രകോപനങ്ങളെ ശക്തമായി നേരിടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുകയും ചെയ്തു.
ഫലസ്തീൻ ജനതയെ നിർബന്ധമായി കുടിയിറക്കുമെന്ന ആഹ്വാനങ്ങളെ പൂർണമായും തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്വന്തം രാജ്യത്തുനിന്ന് ഫലസ്തീനികളെ പുറന്തള്ളുമെന്നതുൾപ്പെടെയുള്ള പ്രസ്താവനകൾ മേഖലയിലെ സമാധാനത്തെ തടസ്സപ്പെടുത്തുകയും, ആക്രമണങ്ങളും അസ്വസ്ഥതകളും വീണ്ടും സജീവമാക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പു നൽകി.
ഫലസ്തീനികൾക്ക് അവരുടെ മണ്ണിൽ പരമാധികാരം സ്ഥാപിക്കപ്പെടുന്നതുവരെ നീതിയും സുസ്ഥിര സമാധാനവും പുലരില്ലെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. 1967ലെ അതിർത്തികളുടെ അടിസ്ഥാനത്തിലെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.