ചൂട് കൂടുന്ന സാഹചര്യത്തിൽ എമിറേറ്റിലെ വ്യവസായ മേഖലകളെ തീപിടിത്തങ്ങളിൽനിന്ന് സുരക്ഷിതമാക്കുന്നതിനായി പ്രത്യേക കാമ്പയിൻ പ്രഖ്യാപിച്ച് ഷാർജ മുനിസിപ്പാലിറ്റിയും സിവിൽ ഡിഫൻസ് അതോറിറ്റിയും. ‘വ്യവസായ മേഖലകളുടെ സുരക്ഷിതത്വം എല്ലാവരുടെയും ഉത്തരവാദിത്തം’ എന്ന പേരിലാണ് പുതിയ കാമ്പയിൻ ആരംഭിക്കുന്നത്.
ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ടിന്റെ സഹകരണത്തോടെ നടത്തുന്ന കാമ്പയിനിലൂടെ വ്യവസായ മേഖലയിലെ ഉടമകൾക്ക് തീപിടിത്ത പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവത്കരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വ്യവസായ മേഖലകളിലുടനീളം അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് കാമ്പയിനിലൂടെ ഉറപ്പുവരുത്തും.
ശരിയായ സംഭരണ രീതികൾ, മതിയായ കെട്ടിട തടസ്സങ്ങൾ നിലനിർത്തൽ, വ്യക്തവും വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്നതുമായ രക്ഷപ്പെടൽ മാർഗം ഒരുക്കൽ എന്നിവയുൾപ്പെടെ നിരവധി നിർണായക സുരക്ഷ കാര്യങ്ങളിൽ കാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
വ്യവസായ മേഖലകളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അഗ്നിരക്ഷ ഡിപ്പാർട്മെന്റുകളുടേത് ഉൾപ്പെടെ ബന്ധപ്പെട്ട അതോറിറ്റികളിൽനിന്ന് ലൈസൻസും അംഗീകാരവും നേടിയിരിക്കണമെന്ന് അധികൃതർ വ്യവസായികളെ ഓർമപ്പെടുത്തി. കാമ്പയിനിലൂടെ ഫയർ ഡിറ്റക്ഷൻ സംവിധാനങ്ങളെ സ്ഥിരം പരിശോധനക്ക് വിധേയമാക്കും.