ലോക എക്സ്പോ 2025-ൽ സജീവമാകാൻ യുഎഇ

ജപ്പാനിലെ ഒസാക്കയിൽ ഈ മാസം 13 മുതൽ ഒക്ടോബർ 13 വരെയായി നടക്കുന്ന ലോക എക്സ്‌പോ 2025-ലെ പങ്കാളിത്തം വിശദീകരിച്ച് യുഎഇ. മീഡിയാ ഓഫീസ് സംഘടിപ്പിച്ച പ്രത്യേകപരിപാടിയിലായിരുന്നു ലോകമേളയ്ക്ക് മുന്നോടിയായി യുഎഇ പവിലിയന്റെ മാതൃക അനാച്ഛാദനം ചെയ്തത്. എക്സ്‌പോ 2025-ലെ എംപവറിങ് ലൈവ്‌സ് സോണിലാണ് യുഎഇ പവിലിയനുള്ളത്.

ഭൂമിയിൽനിന്ന് ബഹിരാകാശത്തേക്ക് എന്നതാണ് പവിലിയന്റെ പ്രമേയം. നവീകരണം, ഭാവന, പര്യവേക്ഷണം എന്നിവയാണ് പ്രമേയംകൊണ്ട് അർഥമാക്കുന്നത്. 150-ലേറെ രാജ്യങ്ങളാണ് എക്സ്‌പോ 2025-ൽ പങ്കെടുക്കുന്നത്.

ഇതിൽ ബഹിരാകാശ മേഖല, സുസ്ഥിരത, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ യുഎഇ പവിലിയൻ പറയും. 40-ലേറെ പ്രത്യേകപരിപാടികളും സംഘടിപ്പിക്കും. പരമ്പരാഗത ഇമിറാത്തി ഭക്ഷണംനൽകുന്ന ഓൺസൈറ്റ് റസ്റ്ററന്റും പവിലിയന് സമീപമുണ്ടാകും.

ഇതൊരു ചരിത്രനിമിഷമാണെന്ന് യുഎഇ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി പറഞ്ഞു. ജപ്പാനും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധംകൂടിയാണ് ഈ സഹകരണത്തിലൂടെ വെളിപ്പെടുന്നതെന്നും അവർ വിശദീകരിച്ചു. നവീകരണം, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ മേഖലകളിൽ ശക്തമായസഹകരണമാണ് ഇരുരാജ്യങ്ങൾ തമ്മിൽ നിലവിലുള്ളത്.

യുഎഇയിൽനിന്നും ജപ്പാനിൽനിന്നുമുള്ള സ്ഥാനപതിമാർ ഇമിറാത്തി പവിലിയനിലേക്ക് സന്ദർശകരെ സ്വാഗതംചെയ്യും. 24 ഇമിറാത്തികളും 20 ജാപ്പനീസ് പൗരൻമാരും സംഘത്തിലുണ്ടാകും.

അറബി, ജാപ്പനീസ്, ഇംഗ്ലീഷ്, തഗാലോഗ്, ഫ്രഞ്ച് എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിൽ ഇവർ സന്ദർശകർക്ക് സ്വാഗതമരുളും. ഇത് നേട്ടങ്ങളുടെ മാത്രം പ്രദർശനമല്ല, ലോകത്തെ പഠിക്കാനും സഹകരണം വർധിപ്പിക്കാനുമുള്ള ഇടംകൂടിയാണെന്ന് ജപ്പാനിലെ യുഎഇ സ്ഥാനപതി ഷിഹാബ് അൽ ഫഹീം പറഞ്ഞു.

ദുബായ് എക്സ്‌പോ 2020-ന്റെ വൻവിജയത്തിനുശേഷമാണ് ജപ്പാനിൽ ആറുമാസം നീളുന്ന എക്സ്പോ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *