ബർദുബായിയെ ദുബായ് ഐലൻഡ്‌സുമായി ബന്ധിപ്പിക്കാനും പ്രദേശത്തെ ഗതാഗതം സുഗമമാക്കാനും ദുബായ് ക്രീക്കിന് മുകളിലൂടെ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു. പാലത്തിനായി ദുബായ് ഹോൾഡിങ്ങിന് 78.6 കോടി ദിർഹത്തിന്റെ കരാർ നൽകി.
ഇരുദിശകളിലും നാലുവരികളുള്ള പാലത്തിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഇൻഫിനിറ്റി പാലത്തിനും പോർട്ട് റാഷിദ് വികസന മേഖലയ്ക്കും ഇടയിലായി ക്രീക്കിൽനിന്ന് 18.5 മീറ്റർ ഉയരത്തിലാണ് പാലം നിർമിക്കുക. സമുദ്രഗതാഗതം തടസപ്പെടാതിരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കും.
പാലത്തിന്റെ ഇരുവശങ്ങളിലും പ്രത്യേക കാൽനട, സൈക്ലിങ് പാതകളുണ്ടാകും. ബർദുബായ്, ദുബായ് ദ്വീപുകൾ എന്നിവിടങ്ങളിലെ വിവിധപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് കിലോമീറ്റർ നീളത്തിൽ റോഡുകളും നിർമിക്കും.
13 കിലോമീറ്റർ നീളമുള്ളതും 15 ഇന്റർസെക്‌ഷനുകളുമുള്ള അൽ ഷിൻഡഗ കോറിഡോർ വികസനപദ്ധതികളിൽ ഉൾപ്പെടുന്ന പ്രധാന പാലമാണിത്. ദേര, ബർദുബായ്, ദുബായ് ദ്വീപുകൾ, ദേര വാട്ടർഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, റാഷിദ് തുറമുഖം ഉൾപ്പടെ വിവിധമേഖലകൾക്ക് വികസനപദ്ധതി പ്രയോജനപ്പെടും.
ഏകദേശം 10 ലക്ഷംപേർക്ക് പദ്ധതിയിൽനിന്ന് പ്രയോജനം ലഭിക്കുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം 104 മിനിറ്റിൽനിന്ന് 16 മിനിറ്റായി കുറയും. 20 വർഷത്തിനകം ഏകദേശം 4500 കോടി ദിർഹം ലാഭിക്കാനാകും.
ദുബായ് ഹോൾഡിങ്ങിന്റെ സഹകരണത്തോടെ 2020-ൽ 1.6 കിലോമീറ്റർ നീളമുള്ള മൂന്ന് പാലങ്ങൾ ആർടിഎ നിർമിച്ചിട്ടുണ്ട്. ദുബായ് ഐലൻഡ്സ്-അൽ ഖലീജ് സ്ട്രീറ്റ് എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് പാലങ്ങൾ നിർമിച്ചതെന്നും അൽ തായർ വിശദീകരിച്ചു.
എമിറേറ്റിൽ മികച്ച ഗതാഗതപരിഹാരങ്ങൾ ലഭ്യമാക്കാനായി ആർടിഎയും ദുബായ് ഹോൾഡിങ്ങും തമ്മിൽ 600 കോടി ദിർഹത്തിന്റെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. ദുബായ് ഐലൻഡ്‌സ്, ജുമൈര വില്ലേജ് ട്രയാംഗിൾ (ജെവിടി), പാം ബീച്ച് ടവേഴ്‌സ്, അൽ ഫുർജാൻ, ജുമൈര പാർക്ക്, അർജാൻ, മജാൻ, ലിവാൻ, നാദ് അൽ ഹമർ, വില്ലനോവ, സെറീന എന്നിവയുൾപ്പെടെ 15 പ്രധാന താമസപ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിലാണ് പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
കൂടാതെ, എമിറേറ്റിലെ അഞ്ച് പ്രധാന വികസനമേഖലകളായ ജുമൈര വില്ലേജ് സർക്കിൾ (ജെവിസി), ദുബായ് പ്രൊഡക്‌ഷൻ സിറ്റി, ബിസിനസ് ബേ, പാം ജുമൈര, ദുബായ് ഇന്റർനാഷണൽ സിറ്റി എന്നിവയും പദ്ധതിയുടെ ഭാഗമായി മെച്ചപ്പെടുത്തും.
ജുമൈര വില്ലേജ് സർക്കിളിൽ നാല് പുതിയ എൻട്രി, എക്സിറ്റ് പോയിന്റുകളും മേൽപ്പാലങ്ങളും നിർമിക്കും. ഇതുവഴി യാത്രാസമയം 70 ശതമാനംവരെ കുറയും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ദുബായ് പ്രൊഡക്‌ഷൻ സിറ്റിയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്താനും പുതിയപാലങ്ങൾ നിർമിക്കും. ഇതിലൂടെ പ്രധാന എക്സിറ്റുകളിലെയും ഉൾറോഡുകളിലെയും യാത്രാസമയം 50 ശതമാനംവരെ കുറയ്ക്കാനാകും.
ശൈഖ് സായിദ് റോഡിൽനിന്ന് ബിസിനസ് ബേയിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ഇന്റർചേഞ്ചുകൾ മെച്ചപ്പെടുത്തും. അൽ ഖൈൽ റോഡുമായുള്ള ബിസിനസ് ബേ ഇന്റർസെക്‌ഷനിൽ ഒരു നടപ്പാലവും നിർമിക്കും. പാം ജുമൈരയിലെ ഗതാഗതസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ നടപ്പാലങ്ങൾ നിർമിക്കും. അൽ മനാമ സ്ട്രീറ്റിൽനിന്ന് ദുബായ് ഇന്റർനാഷണൽ സിറ്റി ഫേസ് മൂന്നിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്താനായി പുതിയപാതകൾ നിർമിക്കുകയും ഇന്റർസെക്‌ഷനുകൾ നവീകരിക്കുമെന്നും ആർടിഎ അധികൃതർ വ്യക്തമാക്കി.