നമ്പർപ്ലേറ്റ് ലേലത്തിലൂടെ 100 മില്യണോളം ദിർഹം സ്വന്തമാക്കി ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ലേലത്തിൽ പുതിയ റെക്കോർഡിട്ടാണ് 90 നമ്പർ പ്ലേറ്റുകൾ ലേലത്തിൽ പോയത്. CC 22 എന്ന നമ്പർ സ്വന്തമാക്കാൻ ലേലക്കാർ ചെലവിട്ടത് പത്തൊമ്പതര കോടി രൂപയാണ്.
ശ്രദ്ധപിടിച്ചുപറ്റുന്ന കാർ നമ്പർ സ്വന്തമാക്കാനുള്ള ദുബൈയിലെ സമ്പന്നരുടെ മത്സരം പുതിയ റെക്കോർഡുകൾ താണ്ടുകയാണ്. കഴിഞ്ഞ രാത്രി ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ റോഡ് ട്രാൻസ്‌പോർട്ട് അതോറ്റി സംഘടിപ്പിച്ച ലേലത്തിൽ 90 നമ്പർ പ്ലേറ്റുകൾ ലേലത്തിൽ പോയത് ഏകദേശം 100 ദശലക്ഷത്തിലേറെ ദിർഹത്തിനാണ്. ഇതിൽ CC 22 എന്ന നമ്പറിനാണ് ഏറ്റവും വാശിയേറിയ ലേലം വിളി നടന്നത്. ഒടുവിൽ എൺപത്തി മൂന്ന് ലക്ഷത്തി അമ്പതിനായിരം ദിർഹത്തിന് അഥവാ 19 കോടി 40 ലക്ഷം രൂപക്കാണ് ഈ നമ്പർ ലേലത്തിൽ പോയത്.
BB 20 എന്ന നമ്പറായിരുന്നു രണ്ടാം സ്ഥാനത്ത്. 75, 20,000 ദിർഹത്തിനാണ് ഈ നമ്പർ ആവശ്യക്കാർ കൊണ്ടുപോയത്. BB 19 എന്ന നമ്പർ 66,80,000 ദിർഹത്തിനും, AA 707 എന്ന പ്ലേറ്റ് 33,10,000 ദിർഹത്തിനും ലേലം വിളിച്ചെടുത്തു. AA 222 എന്ന നമ്പറിന് 33 ലക്ഷവും ലേലത്തിൽ കിട്ടി. മൊത്തം 98.83 മില്യൺ ദിർഹമാണ് ഒറ്റ രാത്രികൊണ്ട് ദുബൈ ആർ.ടി.എ ലേലത്തിൽ നിന്ന് നേടിയത്.