എമിറേറ്റിൽ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി സ്വന്തം കെട്ടിടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ചു. എമിറേറ്റിലുടനീളമുള്ള 22 കെട്ടിടങ്ങളിലാണ് പുതുതായി സോളാർ പാനൽ ഘടിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചത്.
പ്രതിവർഷം 32 ദശലക്ഷം കിലോവാട്ട് ഹവേഴ്സ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇതുവഴി സാധിക്കും. ഓരോ വർഷവും അന്തരീക്ഷത്തിലേക്ക് ഏതാണ്ട് 10,000 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും.
അൽഖൂസ്, അൽ ഖവാനീജ്, അൽ റുവൈയ എന്നിവിടങ്ങളിലെ ബസ് ഡിപ്പോകൾ, അൽ സത്വ, ഊദ് മേത്ത ബസ് സ്റ്റേഷനുകൾ, അൽ മുഹൈസനയിലെ വർക്ഷോപ്പുകൾ, മറ്റ് സ്ഥലങ്ങളിലെ മെട്രോ ഡിപ്പോകൾ എന്നിവ ഉൾപ്പെടെ ആർ.ടി.എയുടെ 16 സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിച്ചിരുന്നു. സീറോ-എമിഷൻസ് സ്ട്രാറ്റജി 2050, ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബൈ ഇന്റഗ്രേറ്റഡ് എനർജി സ്ട്രാറ്റജി 2030 എന്നിവക്ക് അനുസൃതമായി പരിസ്ഥിതി സുസ്ഥിരതക്കും ശുദ്ധോർജ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനുമുള്ള ആർ.ടി.എ നയങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സർവിസസ് സെക്ടറിലെ ബിൽഡിങ് ആൻഡ് ഫെസിലിറ്റീസ് ഡയറക്ടർ ശൈഖ അഹ്മദ് അൽ ശൈഖ് പറഞ്ഞു.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദിവ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നത്. ഓരോ സ്ഥാപനത്തിലേയും സൗകര്യങ്ങളും സാഹചര്യങ്ങളും ഉപയോഗവും അനുസരിച്ചാണ് സോളാർ പാനലുകളുടെ രൂപകൽപന ചെയ്തിട്ടുള്ളതെന്നും ശൈഖ അഹ്മദ് അൽ ശൈഖ് പറഞ്ഞു.