ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് എട്ട് കോടി രൂപ സമ്മാനം, ലൈവായി നറുക്കെടുപ്പ് കാണുന്നതിനിടെ 56കാരന് സ്വപ്ന വിജയം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലെനിയം മില്ലനയർ, ഫൈനസ്റ്റ് സർപ്രൈസ് ഡ്രോ എന്നീ നറുക്കെടുപ്പുകളുടെ വിജയികളെ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പൗരനായ റോണി എസ് ആണ് മില്ലെനിയം മില്ലെനയർ സീരീസ് 497 നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (എട്ട് കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയ ഭാഗ്യശാലി.

56കാരനായ റോണി ഹോങ്കോങ്ങിലാണ് താമസിക്കുന്നത്. 1844 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്. മാർച്ച് 31ന് ഓൺലൈൻ വഴിയാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ കഴിഞ്ഞ 20 വർഷങ്ങളായി പങ്കെടുത്ത് വരുന്ന റോണി ഹോങ്കോങ്ങിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് ഫെല്ലോ ആയി ജോലി ചെയ്യുകയാണ്. ലൈവ് നറുക്കെടുപ്പിൽ വിജയിയായി തൻറെ പേര് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല.

ആദ്യമായാണ് താൻ ഫോസ്ബുക്ക് പേജിലൂടെ ലൈവായി നറുക്കെടുപ്പ് കാണുന്നതെന്നും വിജയിയായി തൻറെ പേര് പ്രഖ്യാപിച്ചത് വിശ്വസിക്കാനായില്ലെന്നും റോണി പ്രതികരിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ റോണി, തൻറെ വിജയം പ്രിയപത്‌നിക്ക് സമർപ്പിക്കുന്നതായും പറഞ്ഞു. 1999 ൽ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയർ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ബമ്പർ സമ്മാനം നേടുന്ന 17-ാമത് ബ്രിട്ടീഷ് പൗരനാണ് റോണി.

ദുഹൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് ഡ്രോയിൽ സൗദി പൗരനായ നവാഫ് സാദ് ബിഎംഡബ്ല്യു 740ഐ എം സ്‌പോർട്ട് കാർ സ്വന്തമാക്കി. പോർച്ചുഗീസുകാരനായ തോമസ് ഡി സിൽവ മെർസിഡിസ് ബെൻസ് ജി 63 കാറും സൗദി സ്വദേശിയായ മുഹമ്മദ് ഫതാനി ബിഎംഡബ്ല്യൂ എഫ് 900 ആർ മോട്ടോർബൈക്കും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *