എണ്ണയിതര വിദേശ വ്യാപാരത്തില്‍ അബൂദബി ഒമ്പത് ശതമാനം വളര്‍ച്ച കൈവരിച്ചതായി അബൂദബി കസ്റ്റംസ് റിപ്പോര്‍ട്ട്. 2024ല്‍ 3060 കോടി ദിര്‍ഹമിന്റെ എണ്ണയിതര വിദേശ വ്യാപാരമാണ് അബൂദബി നടത്തിയത്. 2023ല്‍ ഇത് 2810 കോടി ദിര്‍ഹമായിരുന്നു.
എണ്ണയിതര കയറ്റുമതിയില്‍ 16 ശതമാനത്തിന്റെ വളര്‍ച്ചയും 2024ല്‍ അബൂദബി കൈവരിച്ചു. 2023ല്‍ ഈയിനത്തില്‍ 930 കോടി ദിര്‍ഹം നേടിയപ്പോള്‍ 2024ല്‍ ഇത് 1070 കോടി ദിർഹമായി ഉയര്‍ന്നു.
എണ്ണയിതര വിദേശ വ്യാപാരത്തില്‍ അബൂദബി ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നത് തുടരുകയാണെന്നും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികേന്ദ്രമായും ബിസിനസ്, വ്യാപാരം, നിക്ഷേപം എന്നിവക്കുള്ള ആഗോളകേന്ദ്രമായും എമിറേറ്റിന്റെ പദവി ശക്തിപ്പെടുത്തുന്നുണ്ടെന്നും അബൂദബി കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ റാഷിദ് ലഹേജ് അല്‍ മന്‍സൂരി പറഞ്ഞു.
എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) ത്തില്‍ 2023ല്‍ അബൂദബി 9.1 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. 2022നെ അപേക്ഷിച്ച് 2023ല്‍ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ മികച്ച പ്രകടനം അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 3.1 ശതമാനം സംഭാവന നല്‍കിയിരുന്നു. 2023ല്‍ 1.14 ലക്ഷം ദിര്‍ഹമായിരുന്നു അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനം. ആഗോള വിപണി കനത്ത വെല്ലുവിളി നേരിടുമ്പോഴും 10 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അബൂദബി കാഴ്ചവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിര്‍മാണ, സാമ്പത്തിക, ഇന്‍ഷുറന്‍സ്, ഗതാഗത, സാമ്പത്തിക സംഭരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അബൂദബി എണ്ണയിതര സാമ്പത്തികരംഗത്ത് വളര്‍ച്ച കൈവരിച്ചത്. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 53 ശതമാനത്തിലേറെയും ഇവയാണ് സംഭാവന നല്‍കിയത്.