ഹരിയാനയിലെ ഛർഖി ദാദ്റിയിൽ യോഗ അധ്യാപകനെ ജീവനോടെ കുഴിച്ചിട്ടു. തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം പുലർത്തുന്നുവെന്നാരോപിച്ചാണ് രോഹ്തക്കിലെ യോഗ അധ്യാപകനായ ജഗ്ദീപിനെ യുവാവ് ജീവനോടെ കുഴിച്ചു മൂടിയാണ്. സംഭവം നടന്ന് മൂന്നുമാസത്തിനു ശേഷമാണ് ജഗ്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 24നാണ് മൃതദേഹം കണ്ടെത്തിയത്.
ഡിസംബർ 24ന് സ്കൂളിൽ നിന്ന് ജോലി കഴിഞ്ഞ മടങ്ങുന്ന വഴിക്കാണ് ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ഓടിരക്ഷപ്പെടുന്നതിന് ജഗ്ദീപിന്റെ കൈകാലുകൾ കൂട്ടിക്കെട്ടുകയും ശബ്ദമുണ്ടാക്കുന്നത് പുറത്തറിയാതിരിക്കാൻ വായയും മൂടിക്കെട്ടി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തുണ്ടാക്കിയ ഏഴടി ആഴത്തിലുള്ള കുഴിയിലേക്ക് ഇയാളെ തള്ളിയിടുകയായിരുന്നു. ഒരുകാലത്ത് കുഴൽക്കിണറായിരുന്നു ഇത്.
ഫെബ്രുവരി മൂന്നിനാണ് ജഗ്ദീപിനെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. മൂന്നുമാസത്തിന് ശേഷമാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കാൻ സാധിച്ചത്.
ജഗ്ദീപിന്റെ കാൾ റെക്കോഡുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ ധർമപാൽ, ഹർദീപ് എന്നീ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യലിനൊടുവിൽ പ്രതികൾ കുറ്റംസമ്മതിക്കുകയും ചെയ്തു. വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെ യുവതിയുമായി ജഗ്ദീപ് പ്രണയത്തിലായിരുന്നു. യുവതിയുടെ ഭർത്താവാണ് ജഗ്ദീപിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. ജീവനോടെ കുഴിച്ചു മൂടുന്നതിന് മുമ്പ് പ്രതികൾ ജഗ്ദീപിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.