ക്രിക്കറ്റ് ആവേശം വാനോളമുയരുന്ന ചാമ്പ്യൻസ് ട്രോഫി 2025 ഫൈനൽ മത്സരത്തിന് പഴുതടച്ച സുരക്ഷയൊരുക്കി ദുബൈ അധികൃതർ. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് കളത്തിലിറങ്ങുന്നത്. കളിക്കാർക്കും ആരാധകർക്കും സുരക്ഷിതവും മികച്ചതുമായ കളിയനുഭവം ഉറപ്പാക്കാൻ എല്ലാ സുരക്ഷാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി) പ്രസ്താവനയിൽ അറിയിച്ചു.
വെള്ളിയാഴ്ച ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ ഓപറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതിയുടെ അധ്യക്ഷതയിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേർന്നു. സ്റ്റേഡിയത്തിന് അകത്തും പുറത്തും ശക്തമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇരുടീമുകൾക്കും വലിയ ആരാധകവൃന്ദം ദുബൈയിൽ മത്സരങ്ങൾ വീക്ഷിക്കാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസ്ട്രേലിയയെ തോൽപിച്ചാണ് മത്സരത്തിൽ ഇന്ത്യ കലാശപ്പോരാട്ടത്തിൽ ഇടംപിടിച്ചത്.
ബുധനാഴ്ച ദക്ഷിണാഫ്രിക്കയുമായി നടന്ന പോരാട്ടത്തിൽ വിജയിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. പ്രവാസികളായ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയുടെ ഫൈനൽ മത്സരം കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ഒഫിഷ്യൽ വെബ്സൈറ്റ് വഴി ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയത് 40 മിനിറ്റിലായിരുന്നു.
യു.എ.ഇ സമയം രാവിലെ 10 മണിക്ക് ആരംഭിച്ച വിൽപന 10.40ന് അവസാനിക്കുകയായിരുന്നു. സാധാരണ പ്രവേശനത്തിനുള്ള 250 ദിർഹമിന്റെ ടിക്കറ്റ് മുതൽ 12,000 ദിർഹമിന്റെ സ്കൈ ബോക്സ് ടിക്കറ്റുകൾവരെയാണ് വിൽപനക്കുണ്ടായിരുന്നത്.