ചെപ്പോക്കിൽ ചെന്നൈയെ തകർത്തെറിഞ്ഞ് കൊൽക്കത്ത. ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം വെറും 10.1 ഓവറിൽ കൊൽക്കത്ത മറികടന്നു. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും കളംനിറഞ്ഞ ഓൾ റൗണ്ടർ സുനിൽ നരൈനാണ് കൊൽക്കത്തക്ക് മിന്നും ജയം സമ്മാനിച്ചത്. നരൈൻ 18 പന്തിൽ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 44 റൺസെടുത്തപ്പോൾ ഡി കോക്ക് 16 പന്തിൽ 23 റൺസ് സ്വന്തമാക്കി. 17 പന്തിൽ 20 റൺസുമായി അജിൻക്യ രഹാനെയും 12 പന്തിൽ 15 റൺസുമായി റിങ്കു സിംഗും പുറത്താകാതെ നിന്നു. ചെന്നൈക്കായി അൻഷുൽ കാംബോജും നൂർ അഹമ്മദും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.