നടൻ ഷൈൻ ടോം ചാക്കോയെ കുറിച്ച് വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്.
വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്നും സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്‌സൈസ് കൈക്കൊള്ളുമെന്നും മന്ത്രി വിശദമാക്കി. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
നേരത്തെയുണ്ടായ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്തായിരുന്നെന്നും മന്ത്രി പറഞ്ഞു. അത് യുഡിഎഫ് സർക്കാരിന്റെ സമയത്തായിരുന്നെന്നും ആ കേസുമായി ബന്ധപ്പെട്ട് കോടതി പൊലീസിനെ വിമർശിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ തന്നോടും തന്റെ സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻ സി അലോഷ്യസ് തുറന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിൻ സി താര സംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിരുന്നു.