വിദേശ മെഡിക്കല്‍ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍, അവിടെ കോഴ്സില്‍ ചേരുന്നതിന് മുൻപ് ഇവിടെ നീറ്റ് മറികടക്കണമെന്ന് സുപ്രീംകോടതി.
വിദേശ മെഡിക്കല്‍ കോഴ്സില്‍ ചേരണമെങ്കില്‍ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എന്നാല്‍ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ നീറ്റ് യോഗ്യത നേടണം. 2018ല്‍ ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ കൊണ്ടുവന്ന ഈ വ്യവസ്ഥ സുപ്രീംകോടതി അംഗീകരിച്ചു.വ്യവസ്ഥയ്ക്കെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികളില്‍ ഇടപെട്ടില്ല. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമല്ല. ഏകപക്ഷീയമോ, യുക്തിരഹിതമോ അല്ല. അതിനാല്‍ ഹർജികള്‍ തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് അരുണാദിത്യ ദുബെ തുടങ്ങിയ വിദ്യാർത്ഥികള്‍ വാദിച്ചു. എന്നാല്‍, സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ അറിയിച്ചു.
ഫെബ്രുവരി നാലിന്റെ വിധി കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
വ്യവസ്ഥ നിലവില്‍ വന്ന ശേഷവും, നീറ്റ് യോഗ്യതയോടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നേടാതെയാണ് വിദേശ കോഴ്സിന് ചേർന്നതെങ്കില്‍ അത്തരക്കാർക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കില്‍ നിയമവ്യവസ്ഥ പാലിക്കണം. അനിവാര്യമായ യോഗ്യതയായിട്ടാണ് ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, ഇന്ത്യയ്ക്കു പുറത്ത് പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ആരും തടയുന്നില്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.