തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര സർക്കാറിന്റെ കൈയിലാണ്; തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച്‌ കപില്‍ സിബല്‍

തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സർക്കാറിനുമെതിരെ ആഞ്ഞടിച്ച്‌ രാജ്യസഭ എം.പി കപില്‍ സിബല്‍. കുറേക്കാലമായി തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര സർക്കാറിന്റെ കൈയിലാണെന്ന് പറഞ്ഞ അദ്ദേഹം, ഈ രീതി തുടർന്നാല്‍ അത് ജനാധിപത്യമല്ല, പകരം അതിനെ തകിടംമറിക്കുന്ന തട്ടിപ്പാണെന്നും അഭിപ്രായപ്പെട്ടു.

‘തെരഞ്ഞെടുപ്പ് കമീഷൻ കുറേക്കാലമായി സർക്കാറിന്റെ കൈയിലാണ്. ജനാധിപത്യം ഇതുപോലെ തുടരുകയും തെരഞ്ഞെടുപ്പ് കമീഷൻ സർക്കാറിനുവേണ്ടി ലോബിയിങ് നടത്തി മുമ്ബോട്ടുപോവുകയും ചെയ്താല്‍ അതിന്റെ ഫലം തീർച്ചയായും നമ്മുടെ മുമ്ബിലെത്തും. ഈ രീതി തുടരുകയാണെങ്കില്‍, അത് ജനാധിപത്യമാവില്ല, പകരം കൊടിയ കാപട്യമാകും. കുറേ വർഷങ്ങളായി നമ്മള്‍ സംശയിച്ചുകൊണ്ടേയിരിക്കുകയാണ്. എന്താണ് താഴേത്തട്ടില്‍ നടക്കുന്നതെന്ന് എല്ലാവർക്കുമറിയാം, പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല’ -കപില്‍ സിബല്‍ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള സന്ദേഹം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാർലമെന്റില്‍ ഉന്നയിച്ചു. ‘എല്ലാ സംസ്ഥാനത്തെയും വോട്ടർ പട്ടികയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ബ്ലാക്ക് ആൻഡ് വൈറ്റ് വോട്ടർ ലിസ്റ്റിനെക്കുറിച്ച ചോദ്യങ്ങള്‍ സജീവമാണ്. വോട്ടേഴ്സ് ലിസ്റ്റിനെക്കുറിച്ച്‌ ചർച്ച വേണമെന്ന് മുഴുവൻ പ്രതിപക്ഷ പാർട്ടികളും ആവശ്യമുന്നയിച്ചിട്ടും നടക്കുന്നില്ല’.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയിയും വോട്ടേഴ്സ് ലിസ്റ്റിന്റെ ആധികാരികതയില്‍ കടുത്ത സംശയം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടത്തിയതായി പറയപ്പെടുന്ന ക്രമക്കേടിന്റെ അടുത്ത പതിപ്പുകള്‍ അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാള്‍, അസം നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരീക്ഷിക്കാൻ ഒരുങ്ങുന്നതായും സൗഗത റോയ് ചൂണ്ടിക്കാട്ടി. മുഴുവൻ വോട്ടർ ലിസ്റ്റും പൂർണമായും കുറ്റമറ്റതാക്കണമെന്നുപറഞ്ഞ റോയ്, വോട്ടർ ലിസ്റ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ തെരഞ്ഞെടുപ്പ് കമീഷൻ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *