ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന കോപ്പ ഡെല്‍ റേ, എല്‍ ക്ലാസിക്കോ ഫൈനലിൽ ചിര വൈരികളായ എഫ്‌സി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 1.30ന് സെവിയ്യയിലാണ് മത്സരം. സെമി ഫൈനലില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സലോണ ഫൈനലിലേക്ക് മുന്നേറിയത്. റയല്‍ സോസിഡാഡിനെ മറികടന്നാണ് റയല്‍ മാഡ്രിഡിന്റെ ഫൈനല്‍ പ്രവേശം.
ലാ ലിഗ കിരീടത്തിനായി റയലും ബാഴ്‌സയും ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്നതിനിടെയാണ് കോപ്പ ഡെല്‍ റേ ഫൈനല്‍ എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് മത്സരത്തിലും ബാഴ്‌സയോട് കനത്ത തോല്‍വി വഴങ്ങിയ മാഡ്രിഡിന് പകരം വീട്ടാനുള്ള അവസരം കൂടിയാണിത്. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി പ്രതിരോധത്തിലായ റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്കും ഏറെ നിര്‍ണാകമാണ് ഈ എല്‍ ക്ലാസിക്കോ.
പരിക്കിനെ തുടര്‍ന്ന് ഏറെ കാലം പുറത്തിരുന്ന ബാഴ്‌സയുടെ സ്റ്റാര്‍ ഗോള്‍ കീപ്പര്‍, ടെര്‍ സ്റ്റേഗന്‍ ഫൈനല്‍ പോരില്‍ തിരിച്ചെത്തിയേക്കും. അതേ സമയം ലെവന്‍ഡോസ്‌കിക്ക് പരിക്ക് അലട്ടുന്നത് ബാഴ്‌സയ്ക്ക് തിരിച്ചടിയാണ്. ഇതിനിടെ ഫൈനല്‍ മത്സരത്തില്‍ നിശ്ചയിച്ച റഫറിമാര്‍ നിഷ്പക്ഷരല്ലെന്ന വാദവുമായി റയല്‍ മാഡ്രിഡ് രംഗത്തെത്തി. റഫറിമാരെ മാറ്റിയില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനും നീക്കമുണ്ട്. ബാഴ്‌സലോണയ്ക്ക് കോപ്പ ഡെല്‍ റേയില്‍ 31 കിരീടങ്ങള്‍ സ്വന്തം പേരിലുള്ളപ്പോള്‍ 21- കിരീടമാണ് റയലിന്റെ ലക്ഷ്യം.