ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് സൗദി അറേബ്യയുടെ വിസ വിലക്ക്

ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി സൗദി അറേബ്യ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുള്ള വിസകളുടെ വിതരണം താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ തീരുമാനം ബാധകമാണ്. ഹജ്ജ് കാലയളവിൽ വിദേശ സന്ദർശകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും, രജിസ്റ്റർ ചെയ്യാത്ത തീർത്ഥാടകർ നിയമവിരുദ്ധമായി ഹജ്ജിൽ പങ്കെടുക്കുന്നത് തടയാനുമുളള ഗവൺമെന്റിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

പുതുതായി പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉംറ വിസകൾ, ബിസിനസ്സ് വിസിറ്റ് വിസകൾ, ഫാമിലി വിസിറ്റ് വിസകൾ എന്നീ വിസകൾക്കാണ് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ നിയന്ത്രണം കാരണം, ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർക്ക് ഹജ്ജ് സീസണിന്റെ ഈ തിരക്കേറിയ സമയത്ത് ഈ വിഭാഗത്തിലുള്ള വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഉംറ വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 13 ആണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീയതിക്ക് ശേഷം ഹജ്ജ് പൂർത്തിയാകുന്നത് വരെ പുതിയ ഉംറ വിസകൾ അനുവദിക്കില്ല.

ഹജ്ജ് തീർഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദി അറേബ്യ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിരോധനം പ്രഖ്യാപിച്ചത്. മറ്റു വിസകളിൽ എത്തി ഹജ്ജിന് ശ്രമിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഹജ്ജിന് 20 ലക്ഷത്തിലധികം പേർ പങ്കെടുക്കാറുണ്ട്. ഇതിന് പുറമെ അനധികൃതമായി ഹജ്ജിന് ആളുകൾ എത്തിയാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകും. ഇത് മുൻകൂട്ടി കണ്ടാണ് നടപടികൾ.

ഉംറ വിസയ്ക്കും വിസിറ്റ് വിസയ്ക്കും സൗദിയിൽ എത്തിയ ശേഷം മടങ്ങാതെ സൗദിയിൽ തന്നെ തുടരുകയും ഹജ്ജ് വേളയിൽ കർമങ്ങൾക്കായി എത്തുകയും ചെയ്യുന്നത് മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതൊഴിവാക്കാനാണ് സർക്കാരിന്റെ നടപടി. ഹജ്ജിന്റെ മുന്നോടിയായി ഉംറ നടപടികൾ നിർത്തിവയ്ക്കാൻ പോകുകയാണ്. ഈ മാസം 28ന് മുമ്പ് സൗദിയിൽ നിന്ന് എല്ലാ വിദേശ ഉംറ തീർഥാടകരും പുറത്ത് പോകണം എന്നാണ് നിർദേശം.

വിസാ നിയന്ത്രണം ശക്തമായി നടപ്പാക്കാൻ സൗദി പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി. ഹജ്ജ് വേളയിൽ സൗദി അറേബ്യയുടെ എല്ലാ വകുപ്പുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കും. എല്ലാ വകുപ്പുകളും ഹജ്ജ് സുഗമമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ് ചെയ്യുക. ഹജ്ജ് സേവനങ്ങൾക്ക് വേണ്ടി വിദേശ രാജ്യങ്ങളിലെ വളണ്ടിയർമാരെയും സൗദി അറേബ്യ തേടാറുണ്ട്.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോർദാൻ, അൽജീരിയ, സുഡാൻ, എത്യേപ്യ, ടുണീഷ്യ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പേര് വെളിപ്പെടുത്താത്ത മറ്റൊരു രാജ്യത്തിനുമാണ് വിസാ നിരോധനം.

Leave a Reply

Your email address will not be published. Required fields are marked *