യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റമദാനിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ജീവകാരുണ്യ പദ്ധതിയായ ഫാദേഴ്സ് എൻഡോവ്മെന്റിലേക്ക് ഇതുവരെ ലഭിച്ചത് 372 കോടി ദിർഹം. 100 കോടി ദിർഹം സമാഹരിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, റമദാൻ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതീക്ഷിച്ചതിലും മൂന്നിരട്ടി തുക സമാഹരിക്കാനായതായി ശൈഖ് മുഹമ്മദ് ബിന് റാശിദ് ആൽ മക്തൂം ‘എക്സി’ലൂടെ അറിയിച്ചു. ഇതുവരെ 2,77,000ത്തിലധികം പേർ സംഭാവന നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
റമദാനിന് തൊട്ടുമുമ്പായി പ്രഖ്യാപിച്ച പദ്ധതി അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ മാർഗനിർദേശങ്ങൾക്കും ദൈവത്തോട് നന്ദി പറയുകയാണ്. അതോടൊപ്പം പദ്ധതിയിൽ പങ്കെടുത്തവർക്കും സംഭാവന അർപ്പിച്ചവർക്കും നന്ദി അറിയിക്കുന്നു. ദൈവം എല്ലാവരുടെയും നല്ല പ്രവൃത്തികൾ സ്വീകരിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.
പരസ്പര സ്നേഹം, നേട്ടങ്ങൾ, സഹിഷ്ണുത, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയാൽ ഈ രാഷ്ട്രം യഥാർഥത്തിൽ അനുഗൃഹീതമാണ്. യു.എ.ഇയെയും അവിടത്തെ ജനങ്ങളെയും ഈ ഭൂമിയെ സ്വന്തം നാട് എന്ന് വിളിക്കുന്ന എല്ലാവരെയും ദൈവം സംരക്ഷിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. പിതാക്കൾക്ക് ആദരമർപ്പിച്ച് തുടങ്ങിയ പദ്ധതിയിലൂടെ ലോകത്തുടനീളമുള്ള നിർധനരായ മനുഷ്യർക്ക് സുസ്ഥിരമായ ആരോഗ്യ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) ആണ് പദ്ധതി നടപ്പാക്കുന്നത്.