ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ ; സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖസ്‍ര്‍ അല്‍ വത്വന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നല്‍കി. തുടര്‍ന്ന് ഇരു ഭരണാധികാരികളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ക്ഷണം സ്വീകരിച്ച് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ തന്‍റെ സ്വദേശമായ ഗുജറാത്തിലേക്ക് എത്തിയതില്‍ ശൈഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു. അദ്ദേഹത്തിന്‍റെ വരവോടെ പരിപാടി പുതിയ ഔന്നത്യത്തിലേക്ക് എത്തിയെന്നും ലോകമെമ്പാടും പ്രശസ്തി വര്‍ധിച്ചെന്നും മോദി പറഞ്ഞു.

പ്രവാസി സമൂഹം മോദിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയായ അഹ്‍ലൻ മോദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. അബുദാബി സായിദ് സ്പോർസ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി. വിശ്വാമിത്ര എന്ന പ്രമേയത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ തനതായ കലകള്‍ യോജിപ്പിച്ച് ആവിഷ്കരിക്കുന്ന കലാവിരുന്നില്‍ എഴുന്നൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കും. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പരിപാടിക്കെത്തും.

അതേസമയം യുഎഇയിലെ പ്രതികൂല കാലാവസ്ഥ മൂലം അഹ്‍ലൻ മോദിയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പകുതിയാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥ പരിഗണിച്ച് പരിപാടിയിലെ ജനപങ്കാളിത്തം 80,000 ത്തില്‍ നിന്ന് 35,000 പേരിലേക്ക് ചുരുക്കിയതായി പ്രവാസി കമ്മ്യൂണിറ്റി നേതാവ് സജീവ് പുരുഷോത്തമനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നാളെ അബുദാബി ഹിന്ദു ക്ഷേത്രം സമർപ്പണ ചങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ.

Leave a Reply

Your email address will not be published. Required fields are marked *