രാജ്യത്തെ പൊതു ആശുപത്രികളിൽ കഴിഞ്ഞ വർഷം മെഡിക്കൽ പിഴവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ.
ശൂറ കൗൺസിൽ അംഗം ഡോ. ഇബ്തിസാം അൽ ദല്ലാലിൻറെ പാർലമെൻററി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലും മറ്റ് സർക്കാർ നടത്തുന്ന ആരോഗ്യ കേന്ദ്രങ്ങളിലും 2024 ൽ ഒരു പിഴവ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി സ്ഥിരീകരിച്ചു. 2023 ൽ ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മികച്ച നിലവാരം പുലർത്തിയതായാണ് കണ്ടെത്തൽ. സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലകളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2023ൽ നാലും 2024ൽ ഒരു കേസുമാണത്. എന്നാൽ സ്വകാര്യ ക്ലിനിക്കുകളിൽ ഈ കാലയളവിൽ 24 മെഡിക്കൽ പിഴവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മിക്കതും ദന്ത ചികിത്സയുമായി ബന്ധപ്പെട്ടതായിരുന്നു.