ഫ്ലാഷ്‌സ് ആപ്പ്; ഇന്‍സ്റ്റഗ്രാമിന് ഭീഷണി ഉയർത്തി പുതിയ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് വരുന്നു

മെറ്റയുടെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമിന് ഭീഷണിയാവാന്‍ പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ. ‘ഫ്ലാഷ്‌സ്’ എന്നാണ് ബ്ലൂസ്‌കൈയുടെ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന്‍റെ പേര്. ആപ്പ് സ്റ്റോറില്‍ 24 മണിക്കൂറിനകം 30,000 ഡൗണ്‍ലോഡുകള്‍ ഈ സ്വതന്ത്ര ആപ്പിന് ലഭിച്ചു. ഫ്ലാഷ്‌സിന്‍റെ ആന്‍ഡ്രോയ്ഡ് ആപ്പ് എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല.

ഇന്‍സ്റ്റഗ്രാമിനോട് ഏറെ സാമ്യതകളുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈ പുറത്തിറക്കിയ ഫ്ലാഷ്‌സ്. അമേരിക്കയില്‍ ഇലോണ്‍ മസ്‌കിന്‍റെ എക്‌സില്‍ (പഴയ ട്വിറ്റര്‍) നിന്ന് അനവധി ഉപഭോക്താക്കളെ സ്വന്തമാക്കിയ സ്വതന്ത്ര മൈക്രോ ബ്ലോഗിംഗ് സോഷ്യല്‍ മീഡിയ സേവനമായ ബ്ലൂസ്‌കൈയാണ് ഫ്ലാഷ്‌സ് ആപ്പിന്‍റെ ശില്‍പികള്‍. രണ്ടര കോടിയിലധികം യൂസര്‍മാരുള്ള ഓപ്പണ്‍ സോഴ്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ബ്ലൂസ്കൈ. ബ്ലൂസ്കൈയുടെ ഡീസെന്‍ട്ര‌ലൈസ്‌ഡ് എ.റ്റി പ്രോട്ടോക്കോള്‍ (Authenticated Transfer Protocol) അനുസരിച്ച് സ്വതന്ത്രമായി ബര്‍ലിനില്‍ നിന്നുള്ള ഡവലപ്പറായ സെബാസ്റ്റ്യന്‍ വോഗല്‍സാങ് ആണ് ഫ്ലാഷ്‌സ് രൂപകല്‍പന ചെയ്തത്. 

നാല് വരെ ഫോട്ടോ, ഒരു മിനിറ്റ് വരെ വീഡിയോ

ഇന്‍സ്റ്റഗ്രാമിന്‍റെ ഇന്‍റര്‍ഫേസിനോട് ഏറെ സാമ്യതകള്‍ ഫ്ലാഷ്‌സിനുണ്ട്. നാല് ഫോട്ടോ വരെയും ഒരു മിനിറ്റ് വരെ ദൈര്‍ഘ്യത്തില്‍ വീഡിയോയും ഫ്ലാഷ്‌സില്‍ അപ്‌ലോഡ് ചെയ്യാം. ഇന്‍സ്റ്റയിലെ പോലെ തന്നെ ആപ്പിനുള്ളിലെ ഫില്‍ട്ടറുകളും എഡിറ്റിംഗ് ടൂളുകളും ഉപയോഗിക്കാം. ഫ്ലാഷ്സില്‍ ഇടുന്ന പോസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി ബ്ലൂസ്കൈയിലും ലഭ്യമാകും. ഇരു ആപ്പുകള്‍ വഴിയും റിയാക്ഷനും കമന്‍റും നല്‍കാമെന്ന സവിശേഷതയുണ്ട്. ഇന്‍സ്റ്റ മാതൃകയില്‍ ഡിഎം (ഡയറക്ട് മെസേജ് സൗകര്യവും ഫ്ലാഷ്സില്‍ വരാനിടയുണ്ട്. ഇപ്പോള്‍ സൗജന്യമായി ലഭ്യമാവുന്ന ഫ്ലാഷ്സില്‍ പണം നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന ചില പ്രീമിയം ഫീച്ചറുകളും പ്രത്യേക്ഷപ്പെട്ടേക്കാം. 

Leave a Reply

Your email address will not be published. Required fields are marked *