ക്യാപ്റ്റൻ സഞ്ജു സാംസണും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ ദ്രാവിഡ്. ഡൽഹിക്കെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിൽ നടന്ന രാജസ്ഥാൻ ടീം മീറ്റിങ്ങിൻറെ വിഡിയോ പുറത്തുവന്നിരുന്നു. ദ്രാവിഡും സഞ്ജുവും ഇപ്പോൾ അത്ര രസത്തിലല്ലെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോയെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടിയത്. സൂപ്പർ ഓവറിലേക്ക് മത്സരം നീങ്ങിയതോടെ ഡഗൗട്ടിൽ രാജസ്ഥാൻ ടീമംഗങ്ങളുമായും സപ്പോർട്ടിങ് സ്റ്റാഫുമായും ദ്രാവിഡ് സംസാരിക്കുന്നതാണ് വിഡിയോ. മീറ്റിങ് നടക്കുമ്പോൾ അതിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണ് സഞ്ജു. മത്സരശേഷം രാഹുലിനോട് സംസാരിക്കാൻ സഞ്ജു തയാറായില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, ടീമിൽ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞിരിക്കുകയാണ് കോച്ച് രാഹുൽ ദ്രാവിഡ്. സഞ്ജു സാംസണുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ പൂർണമായും തള്ളിയിരിക്കുകയാണ് അദ്ദേഹം. സഞ്ജുവുമായി ഒരു ഭിന്നതയുമില്ല. ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണ്. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് എനിക്കറിയില്ല. ഞാനും സഞ്ജുവും ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. സഞ്ജു ടീമിൻറെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ടീമിൻറെ എല്ലാ തീരുമാനങ്ങളിലും സഞ്ജുവും പങ്കാളിയാണ്. കളിയിൽ ജയവും തോൽവിയും ഉണ്ടാകാം. തോൽക്കുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. അതിന് മികച്ച പ്രകടനങ്ങളിലൂടെയാണ് ഞങ്ങൾ മറുപടി നൽകുക. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. രാജസ്ഥാൻ റോയൽസ് ഒറ്റക്കെട്ടാണ്. ടീമിൻറെ ആവേശത്തിൽ ഒരു കുറവും വന്നിട്ടില്ല -രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഏഴ് മത്സരങ്ങളിൽ അഞ്ചും തോറ്റ രാജസ്ഥാൻ പോയിൻറ് പട്ടികയിൽ എട്ടാംസ്ഥാനത്താണ്. അടുത്ത മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകൂ. പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്തിൻറെ ലക്‌നൗ സൂപ്പർ ജയൻറ്‌സുമായി ഇന്ന് രാജസ്ഥാൻ ഏറ്റുമുട്ടും. ജയ്പൂരിലെ സവായ്മാൻസിങ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം.