കൊൽക്കത്തയ്‌ക്കെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് കൂറ്റൻ സ്‌കോർ; മിച്ചലിനും പുരാനും അർധ സെഞ്ച്വറി; വിജയലക്ഷ്യം 239 റൺസ്


കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. നിക്കോളാസ് പുരാൻറെയും ഓപ്പണർ മിച്ചൽ മാർഷിൻയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ലക്‌നൗ ഇന്നിംഗ്‌സിൽ നിർണായകമായത്. മിച്ചൽ മാർഷ് 48 പന്തിൽ 6 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്നു. 8 ബൗണ്ടറികളും 7 സിക്‌സറുകളുമാണ് പുരാൻറെ ബാറ്റിൽ നിന്ന് പിറന്നത്.

പവർ പ്ലേയിൽ ഓപ്പണർമാരായ മിച്ചൽ മാർഷ് – എയ്ഡൻ മാർക്രം സഖ്യം മികച്ച തുടക്കമാണ് ലക്‌നൗവിന് നൽകിയത്. പവർ പ്ലേയിൽ വൈഭവ് അറോറയ്ക്ക് എതിരെ കരുതലോടെ ബാറ്റ് വീശിയ ഇരുവരും സ്‌പെൻസർ ജോൺസണെ കടന്നാക്രമിച്ചു. പവർ പ്ലേ പൂർത്തിയായപ്പോൾ ലക്‌നൗ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലായിരുന്നു. ഒന്നാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്.

പവർ പ്ലേ പൂർത്തിയായതിന് പിന്നാലെ സ്പിന്നർ സുനിൽ നരെയ്‌നെ കൊൽക്കത്ത കളത്തിലിറക്കി. എന്നാൽ, രണ്ടാം പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടി മാർഷ് നരെയ്‌നെ സമ്മർദ്ദത്തിലാക്കി. ആദ്യ ഓവറിൽ തന്നെ നരെയ്‌ന് 13 റൺസ് വഴങ്ങേണ്ടിയും വന്നു. 8-ാം ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് വരുൺ ചക്രവർത്തി വീണ്ടും പിടിമുറുക്കി. തൊട്ടടുത്ത ഓവറിൽ 9 റൺസ് മാത്രം വിട്ടുകൊടുത്ത് നരെയ്‌നും താളം കണ്ടെത്തിയതോടെ റൺസിൻറെ വരവ് കുറഞ്ഞു. 10-ാം ഓവറിൽ വീണ്ടും വരുൺ ചക്രവർത്തിയെത്തി മത്സരം കൊൽക്കത്തയുടെ നിയന്ത്രണത്തിലേയ്ക്ക് എത്തിച്ചു. 10 ഓവർ പിന്നിട്ടപ്പോൾ ടീം സ്‌കോർ വിക്കറ്റ് നഷ്ടമില്ലാതെ 95 റൺസ്. 48 പന്തുകളിൽ 81 റൺസ് നേടിയാണ് മാർഷ് മടങ്ങിയത്. 16-ാം ഓവറിൽ വെറും 8 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കാൻ റസലിന് കഴിഞ്ഞു.

മാർഷ് പുറത്തായതിന് പിന്നാലെ 17-ാം ഓവറിൽ നിക്കോളാസ് പൂരാൻ വെടിക്കെട്ടിന് തിരികൊളുത്തി. ഹർഷിത് റാണയുടെ ആദ്യ രണ്ട് പന്തുകളും കാണികൾക്കിടയിലേയ്ക്ക് പറത്തി പുരാൻ അർധ സെഞ്ച്വറി പൂർത്തിയാക്കി. വെറും 21 പന്തുകളിൽ നിന്നാണ് പുരാൻ 50 തികച്ചത്. 18-ാം ഓവറിൻറെ മൂന്നാം പന്തിൽ ടീം സ്‌കോർ 200 കടന്നു. റസലിൻറെ ഓവറിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 24 റൺസാണ് പുരാൻ അടിച്ചെടുത്തത്. ഇതോടെ 18 ഓവറുകൾ പൂർത്തിയായപ്പോൾ ലക്‌നൗ 2 വിക്കറ്റ് നഷ്ടത്തിൽ 217 എന്ന നിലയിലെത്തി. 19-ാം ഓവറിൽ അബ്ദുൾ സമദിനെ പുറത്താക്കി റാണ കൊൽക്കത്തയ്ക്ക് ആശ്വസിക്കാൻ വക നൽകി. അവസാന ഓവറിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ വൈഭവ് അറോറ 11 റൺസ് വിട്ടുകൊടുത്തതോടെ ലക്‌നൗവിൻറെ ഇന്നിംഗ്‌സ് 238 റൺസിൽ അവസാനിച്ചു. കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിത് റാണ രണ്ടും ആന്ദ്രെ റസൽ ഒരു വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *