സൗദിയിൽ വരുംദിവസങ്ങളിൽ മഴയും മൂടൽ മഞ്ഞും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സൗദി മധ്യപ്രവിശ്യയിലെ റിയാദ്, ദറഇയ, ദുർമ, മുസാഹ്‌മിയ, അഫീഫ്, ദാവാദ്മി, അൽഖുവയ്യ, ശഖ്‌റ, അൽ ഗാത്, അൽ സുൽഫി, മജ്മഅ, താദിഖ്, റുമാഅ്, അൽ റൈൻ, ഹുറൈംല, അൽ ഖർജ്, അൽ ദിലം, അൽ ബാരി, ഹുത്ത ബനീ തമാം, മറാത്, അഫ്‌ലാജ് എന്നിവിടങ്ങളിൽ നേരിയതും മിതമായതുമായ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
മക്ക, ജിദ്ദ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തിമേഖല, അൽ ജൗഫ്, തബൂക്ക്, അൽ ബാഹ, അസിർ, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. ഉയർന്ന പ്രദേശങ്ങളിലാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ കൂടുതലും സാധ്യത. ചെങ്കടലിൽ കാറ്റിന്റെ ചലനം മണിക്കൂറിൽ 16 മുതൽ 36 കിലോമീറ്റർ വേഗത്തിൽ വടക്കുപടിഞ്ഞാറ് നിന്ന് വടക്കോട്ടുള്ള ദിശയിലായിരിക്കുമെന്നും തിരമാലയുടെ ഉയരം അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ആയിരിക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
ഈ ദിവസങ്ങളിൽ റിയാദ്, മക്ക എന്നിവ ഉൾപ്പെടെ 10 മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയാണ് പെയ്തത്. ആലിപ്പഴ വർഷവും ശക്തമായ കാറ്റുമുണ്ടായി. ഇപ്പോഴും പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്.