റഷ്യ-യുക്രൈൻ സംഘർഷത്തിൽ വേർപിരിഞ്ഞ കുടുംബങ്ങളുടെ ഒത്തുചേരലിന് വീണ്ടും വേദിയൊരുക്കി ഖത്തർ

ദോഹ: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ ഫലമായി വേർപിരിഞ്ഞ കുടുംബങ്ങളുടെ സംഗമത്തിന് വീണ്ടും വേദിയൊരുക്കി ഖത്തർ. മൂന്നു വർഷം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം നിരവധി പേരാണ് കുടുംബങ്ങളിൽ നിന്ന് അകന്നുപോയത്. ഇത്തവണ സംഘർഷ മേഖലയിൽ നിന്നുള്ള 32 കുട്ടികൾ ഉൾപ്പെടെയുള്ള 19 കുടുംബങ്ങൾക്കാണ് ഖത്തറിന്റെ മധ്യസ്ഥതയിലൂടെ ഉറ്റവരുമായി ഒത്തുചേരാനായത്. യുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഖത്തർ ആസൂത്രണം ചെയ്ത ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. ഏപ്രിൽ 14ന് ദോഹയിലെത്തിയ 19 കുടുംബങ്ങളും ഈ മാസം 24 വരെ ഖത്തറിലുണ്ടാകും.

ഇതിനുമുമ്പും സംഘർഷത്തിൽ അകന്നുപോയ നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒരുമിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിലൂടെ സാധിച്ചിരുന്നു. കഴിഞ്ഞ വർഷം 20 കുടുംബങ്ങൾ ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായി ഖത്തറിൽ എത്തിയിരുന്നു. റഷ്യയുടെയും യുക്രൈനിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പുവരുത്തുകയും, ആത്മവിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *