പൊതുജനങ്ങളിൽ താൽപര്യം വർധിക്കുകയാണെങ്കിൽ ഖത്തറിന് സ്വന്തം ബഹിരാകാശ ഏജൻസി തുടങ്ങാനാകുമെന്ന് നാസ മുൻ ഡെപ്യൂട്ടി ചീഫ് ടെക്നോളജിസ്റ്റും ജിം ആഡംസ് വേൾഡ് സ്പേസ് സയൻസ് സ്ഥാപകനുമായ ഡോ. ജിം ആഡംസ് പറഞ്ഞു. ഖത്തറിന് സ്വന്തമായോ ഇന്ത്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായോ നാസയുമായോ സഹകരിച്ച് ഖത്തറിന് സ്വന്തം ബഹിരാകാശ ഏജൻസി തുടങ്ങാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കതാറ കൾചറൽ വില്ലേജിലെ അൽ തുറായ പ്ലാനറ്റേറിയത്തിൽ കതാറ സ്പേസ് സയൻസ് പ്രോഗ്രാമിന് നേതൃത്വം നൽകാനെത്തിയതാണ് അദ്ദേഹം. നിലവിൽ 78 ബഹിരാകാശ ഏജൻസികൾ ലോകത്തുണ്ട്. ഇതിൽ 71 എണ്ണം ദേശീയ ഏജൻസികളും ഏഴെണ്ണം അന്താരാഷ്ട്ര ഏജൻസികളുമാണ്. വിവിധ സർക്കാറുകളോ പ്രാദേശിക ഗ്രൂപ്പുകളോ ആണ് ഇവ സ്ഥാപിച്ചത്. ഈ മേഖലയിൽ ഖത്തറിന് ഏറെ ചെയ്യാനാകും. കതാറ സ്പേസ് സയൻസ് പ്രോഗ്രാം പോലെയുള്ള പരിപാടികൾ ദീർഘകാലാടിസ്ഥാനത്തിൽ ഖത്തറിനെ മികച്ചതാക്കാൻ ഉപകരിക്കും.
400ലധികം പേർ പങ്കെടുത്ത കതാറ സ്പേസ് സയൻസ് പ്രോഗ്രാം ബഹിരാകാശ ശാസ്ത്ര വിദ്യാഭ്യാസം വികസിപ്പിക്കാനും ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. സൗരജ്വാലകൾ, കാന്തിക കൊടുങ്കാറ്റുകൾ, സൗരവാതങ്ങൾ തുടങ്ങി ബഹിരാകാശ പ്രതിഭാസങ്ങൾ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, പവർ ഗ്രിഡുകൾ, വ്യോമയാനം, ഭൂമിയിലെ ദൈനംദിന ജീവിതം എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ അവസരം നൽകുന്നതായിരുന്നു പ്രോഗ്രാം. വിദ്യാർഥികൾ, ഗവേഷകർ, സ്ഥാപനങ്ങൾ, പൊതുസമൂഹം എന്നിവക്ക് ലോകമെമ്പാടുമുള്ള പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരുമായും ഏജൻസികളുമായും സംവദിക്കാൻ മികച്ച അവസരമാണ് ഇത്തരം പരിപാടികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.