ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച ഖത്തറിലെത്തി. ബുധനാഴ്ച വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെ മന്ത്രി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്കാരികം തുടങ്ങി ദേശീയ അന്തർദേശീയ വിഷയങ്ങൾ ഉൾപ്പെടെ ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് എസ്. ജയ്ശങ്കർ ഖത്തറിലെത്തുന്നത്. ഈ മാസാദ്യം നടന്ന ദോഹ ഫോറത്തിൽ ഖത്തർ പ്രധാനമന്ത്രിക്കൊപ്പം ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് എസ്. ജയ്ശങ്കറും സംസാരിച്ചിരുന്നു. നേരത്തെ സെപ്റ്റംബർ ഒമ്പതിന് സൗദി അറേബ്യയിൽ നടന്ന ഉച്ചകോടിക്കിടെയും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.