ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും

ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ കപ്പിനുള്ള സാധ്യതാ ടീമുമായി കോച്ച് ഇഗോർ സ്റ്റിമാകും സംഘവും ദോഹയിലേക്ക് വിമാനം കയറുന്നത്. ഇന്ന് ഡൽഹി വഴി വൈകുന്നേരത്തോടെ ടീം ദോഹ ഹമദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെയും, ഇന്ത്യൻ എംബസി അനുബന്ധ സംഘടകനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെയും നേതൃത്വതിൽ വിമാനത്താവളത്തിൽ തന്നെ വലിയ വരവേൽപ്പായിരിക്കും സുനിൽ ഛേത്രിയെയും സംഘത്തെയും കാത്തിരിക്കുന്നത്.

ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിൽ 13നാണ് ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ ആസ്‌ട്രേലിയയാണ് ആദ്യ എതിരാളി. പിന്നാലെ, 18ന് ഉസ്‌ബെകിസ്താനെയും 23ന് സിറിയയെയും നേരിടും. 30 അംഗ സംഘവുമായാണ് ഇന്ത്യ വരുന്നത്. ജനുവരി മൂന്നിന് മുമ്പായി 26 അംഗ സംഘത്തെ പ്രഖ്യാപിക്കും.സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി എന്നീ മലയാളി താരങ്ങളാണ് ടീമിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *