ദോഹ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പിന്തുണയുമായി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽ താനി, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവും നിലവിലെ സാഹചര്യങ്ങളും നയതന്ത്രത്തിലൂടെ അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനി ഉറപ്പ് നൽകി.
ഖത്തറും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.