ആരോഗ്യ-സുരക്ഷാ മുൻകരുതൽ വേണം; മുന്നറിയിപ്പുമായി ഖത്തർ

ദോഹയിൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പ് നൽകി ഖത്തറിലെ ആരോഗ്യ വിദഗ്ധർ. ശൈത്യത്തിനും വേനലിനും ഇടയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനിടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ പറഞ്ഞു.

സൈനസ്, ശ്വാസകോശ സംബന്ധമായ അലർജികൾ തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മുൻകരുതലെടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) എമർജൻസി മെഡിസിനിലെ സീനിയർ കൺസൽറ്റൻ്റ് ഡോ.വർദ അലി അൽസാദ് മുന്നറിയിപ്പ് നൽകി. തണുപ്പും പൊടിക്കാറ്റും മഴയും എല്ലാം ഇടകലർന്ന കാലാവസ്‌ഥയിൽ ശ്വാസകോശ സംബന്ധമായ അണുബാധയും ബ്രോഞ്ചൈറ്റിസുമാണ് പൊതുവേ കാണപ്പെടുന്നത്.

പൊടിക്കാറ്റ് ശക്തതമാകുന്ന സമയങ്ങളിൽ പരമാവധി വീട്ടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും പിഎച്ച്സിസി മുന്നറിയിപ്പ് നൽകി. കനത്ത കാറ്റിൽ വാഹനം ഓടിക്കുന്നതും ഒഴിവാക്കണം. ശക്ത‌മായ കാറ്റ് വാഹനത്തിൻ്റെ ദിശ പെട്ടെന്ന് മാറ്റാനിടയാകുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും. കാറിന്റെ ഡോറും വിൻഡോയും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ നിർദേശത്തിൽ പറയുന്നു.

മേയ് പകുതി വരെ അൽസരായത് കാലമാണ്.പെട്ടെന്നുള്ള കാലാവസ്‌ഥാ വ്യതിയാനം സംഭവിക്കുന്ന കാലമാണ് അൽ സരായത് എന്നറിയപ്പെടുന്നത്. ക്ഷണനേരത്തിൽ ആകാശം മേഘാവൃതമാകുകയും ഇടിമിന്നലോടു കൂടിയ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുക എന്നതാണ് അൽ സരായത്തിൻ്റെ പ്രത്യേകത. വൈകുന്നേരത്തിനും രാത്രിക്കും ഇടയിലാണ് അപ്രതീക്ഷിതമായി കാലാവസ്‌ഥയിൽ മാറ്റമുണ്ടാകുക. ചില പ്രദേശങ്ങളിൽ മഴയ്ക്ക് തീവ്രതയേറും.

Leave a Reply

Your email address will not be published. Required fields are marked *