ലൈസൻസില്ലാതെ ധനസമാഹരണം നടത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒമാൻ

ഒമാനിൽ പൊതുജനങ്ങളിൽ നിന്നും ലൈസൻസില്ലാതെ പണം പിരിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സാമൂഹിക വികസന മന്ത്രാലയം. മതിയായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു.

ഒമാൻ പീനൽ കോഡിലെ 299, 300 വകുപ്പുകൾ അനധികൃത ധനസമാഹരണത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. 299-ാം വകുപ്പ് പ്രകാരം, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സാധുവായ ലൈസൻസില്ലാതെ സംഭാവനകൾ അഭ്യർത്ഥിക്കുകയോ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 200 മുതൽ 600 റിയാൽ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടിയ പണം കോടതിക്ക് കണ്ടുകെട്ടാനും സാധിക്കും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ ഇരട്ടിയാക്കും. 300-ാം വകുപ്പ് പ്രകാരം, പണം ശേഖരിച്ച് ഒമാന് പുറത്തേക്ക് അയയ്ക്കുന്നവർക്ക് ഒരു വർഷം വരെ തടവും 1,000 മുതൽ 2,000 റിയാൽ വരെ പിഴയും ലഭിക്കും. ഈ പണവും കോടതിക്ക് കണ്ടുകെട്ടാം.

പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും ചാരിറ്റി പ്രവർത്തനങ്ങൾ സുതാര്യവും നിയന്ത്രിതവുമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ ശിക്ഷാ നടപടികൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായ ധനസമാഹരണങ്ങളിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും, നിയമപരമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ സംഭാവനകൾ നൽകാവൂ എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *