കനത്ത ചൂടിൽ ഒമാൻ വെന്തുരുകുന്നു. വിവിധ പ്രദേശങ്ങിൽ 50 ഡിഗ്രി സെൽഷ്യസിന് അടുത്താണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ ആണ്.49.8 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ ചൂട്. ദാഹിറ ഗവർണറേറ്റിലെ ഹംറ അദ്ദുരു സ്റ്റേഷനും 49.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. തൊട്ടടുത്ത് വരുന്നത് അൽവുസ്ത ഗവർണറേറ്റിലെ അൽ ഫഹുദ് സ്റ്റേഷൻ ആണ്. 48.7 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ അനുഭവപ്പെട്ട ചൂട്.
ദാഹിറ ഗവർണറേറ്റിലെ ഇബ്രി സ്റ്റേഷനിൽ 48.6 ഡിഗ്രി സെൽഷ്യസ്, സമൈം, മഖ്ഷിൻ, ഹൈമ എന്നിവിടങ്ങളിൽ 48.1 ഡിഗ്രി സെൽഷ്യസും ബുറൈമി ഗവർണറേറ്റിൽ 48.0 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തുകയുണ്ടായി. ലോകമെമ്പാടുമുള്ള ഏറ്റവും ചൂടേറിയ മാസങ്ങളിൽ ഒന്നായിരിക്കും ഈ മാസമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.
അറേബ്യൻ പെനിൻസുലയിലെ രാജ്യങ്ങളിൽ ഈ ആഴ്ച അവസാനത്തോടെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കും. കഴിഞ്ഞ വർഷം ജൂലൈ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന താപനില അടയാളപ്പെടുത്തിയ മാസമായി നാസയുടെ ഗൊദാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് സ്റ്റഡീസ് റിപ്പോർട്ട് ചെയ്തിരുന്നു.താപനില ഉയരുന്നത് തുടരുന്നതിനാൽ, ഈ വർഷം ജൂലൈ കഴിഞ്ഞ വർഷത്തെ റെക്കോർഡിനെ മറികടക്കുമെന്ന് ശാസ്ത്രജ്ഞർ സൂചന നൽകി. താപനില മുൻ വർഷത്തെ മറികടന്നാൽ അത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സൂചികയിലെത്തും.
അനുദിനം ചൂട് ഉയർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. ഉയർന്ന ചൂട് ശരീരത്തിന് താങ്ങാനാവാത്തതാണ്. പുറത്ത് ജോലിചെയ്യുന്നവർ നിർജലീകരണമുണ്ടാവുന്നത് ശ്രദ്ധിക്കണം. ജോലി അനിവാര്യമായതിനാൽ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല മുൻകരുതലെടുക്കുകയാണ് ഉചിതം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍ ശരീര ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശീവലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്.ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ജോലിസ്ഥലത്തോ മറ്റോ ചൂടുകാലത്ത് ശാരീരിക അവശതമൂലം ബോധക്ഷയം സംഭവിച്ചാൽ കൂടെയുള്ളവർ അവരെ തണലത്തേക്ക് മാറ്റി പരിചരിക്കണം.
വെള്ളം കുടിപ്പിച്ച ശേഷം, ചികിത്സ വേണമെങ്കിൽ ആശുപത്രിയിലെത്തിക്കുക. കാറിൽ സഞ്ചരിക്കുമ്പോഴും വെള്ളം കുടി കുറക്കരുത്.
അതേസമയം, 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തുന്നതിനാൽ കാറിൽ ഒരു ദിവസത്തിലേറെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടിക്കാതിരിക്കുക. കടുത്ത ചൂടിൽ പ്ലാസ്റ്റിക്കും ഉരുകുന്നത് വെള്ളത്തെ ബാധിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.