ഒമാനിൽ ഇന്ന് ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ വിശുദ്ധ റമദാൻ 30 പൂർത്തിയാക്കിയാണ് ഒമാനിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ചെറിയ പെരുന്നാൾ ആശംസകൾ അറിയിച്ചു.എല്ലാം ജനങ്ങൾക്കും നന്മയും ശാശ്വത സ്ഥിരതക്കും വേണ്ടി സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന്. ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിങ്ങൾക്കും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ കൈവരട്ടെയെന്നും സുൽത്താൻ പറഞ്ഞു.
ബൗഷറിലുള്ള സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക്കിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഈദ് നമസ്‌ക്കാരം നിർവ്വഹിച്ചത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും സുൽത്താൻ ആശംസകൾ കൈമാറി. യു.എ.ഇ പ്രസി ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ ആൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ ആൽ സബാഹ്, ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർക്ക് ഫോണിലൂടെ ആശംസകൾ കൈമാറി.