മോദി അഴിമതിയിൽ ചാംപ്യൻ, അമേഠിയിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതേസമയം തിരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടാൽ താൻ അമേഠിയിൽ മത്സരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേഠിയിൽ താൻ മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും കോൺഗ്രസ് അധ്യക്ഷനുമാണ്. അഖിലേഷ് യാദവിനൊപ്പം ഗാസിയാബാദിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ എത്ര സീറ്റു ലഭിക്കുമെന്ന പ്രവചനത്തിനു താനില്ലെന്നും മികച്ച വിജയം നേടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ വലിയ തോതിലുള്ള അഴിമതിയാണ് രാജ്യത്ത് നടത്തിയത്. നോട്ടുനിരോധനവും ജിഎസ്ടിയും സാധാരണക്കാരന്റെ നടുവൊടിച്ചു. അദാനിയെ വളർത്താനാണ് മോദി നോക്കിയത്. അധികാരം ലഭിച്ചാൽ ഉത്തർപ്രദേശിലെ യുവാക്കൾക്കും വനിതകൾക്കും വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. പ്രധാനമന്ത്രിയുടേതായി വന്ന അഭിമുഖം മുൻകൂട്ടി രചിച്ച തിരക്കഥ അനുസരിച്ചാണ്. ആ അഭിമുഖം പാളിപോയി. ഇലക്ടറൽ ബോണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളയാണ്’ രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *