മണിപ്പുരിലെ അവസ്ഥ പ്രതീക്ഷിച്ചതിലും ഭീകരം: കെ.സി വേണുഗോപാൽ

മണിപ്പുര്‍ ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും അവര്‍ക്ക് ആശ്വാസം പകര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് എ.ഐ.സി.സി.

ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മണിപ്പുര്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുര്‍ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മണിപ്പുര്‍ വിഷയം മുൻനിര്‍ത്തി രാഷ്ട്രീയം കളിക്കാൻ കോണ്‍ഗ്രസില്ല. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാനും കലാപം അമര്‍ച്ച ചെയ്യാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തുചെയ്തെന്ന് അവര്‍ സ്വയം പരിശോധിക്കണം. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത പുലര്‍ത്തുന്നതും എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

പോലീസിന്റെ പക്കലുള്ള ആയുധം എങ്ങനെ കലാപകാരികള്‍ക്ക് കിട്ടി? പോലീസിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള പ്രതീക്ഷയും നഷ്ടമായി. സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതില്‍ ഗുരുതര അലംഭാവമാണ് ഉണ്ടായത്. ദുരിതമനുഭവിക്കുന്ന മണിപ്പുര്‍ ജനതയ്ക്ക് ആശ്വാസം എത്തിക്കാനുള്ള അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും ഇക്കാര്യം ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. 

ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കലാപ ബാധിത മണിപ്പുരിന്റെ യഥാര്‍ഥചരിത്രം പുറംലോകം അറിഞ്ഞിട്ടില്ല. നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്ബുകളിലും കഴിയുന്നത്. അവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും അതിന് ലോകശ്രദ്ധയാര്‍ജിക്കാനും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *