പ്രൊജക്റ്റ് ഡോള്‍ഫിന്‍; രാജ്യത്ത് 6,237 നദി ഡോള്‍ഫിനുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍

ഗംഗ, ബ്രഹ്മപുത്ര, സിന്ധു നദികള്‍ക്ക് കുറുകെ നടത്തിയ സര്‍വ്വേയില്‍  ഇന്ത്യയില്‍ 6,237 നദി ഡോള്‍ഫിനുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. പോപ്പുലേഷന്‍ സ്റ്റാറ്റസ് ഓഫ് റിവര്‍ ഡോള്‍ഫിന്‍ ഇന്‍ ഇന്ത്യ എന്ന സര്‍വ്വേയിലാണ് ഡോള്‍ഫിനുകളുടെ എണ്ണം കണക്കാക്കിയത്. ‘പ്രൊജക്ട് ഡോള്‍ഫിന്‍’ എന്ന പേരില്‍ 8 സംസ്ഥാനങ്ങളിലായാണ് സര്‍വ്വേ വ്യാപിപ്പിച്ചത്. ഇതാദ്യമായാണ് ഇന്ത്യന്‍ നദികളില്‍ ഡോള്‍ഫിനുകളുടെ എണ്ണം കണക്കാക്കുന്നതിനുള്ള സര്‍വ്വേ നടത്തുന്നത്. 

ഉത്തര്‍ പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസാം, പഞ്ചാബ് എന്നീ എട്ട് സംസ്ഥാനങ്ങളിലായാണ് സര്‍വ്വേ സംഘടിപ്പിച്ചത്. എറ്റവും കൂടുതല്‍ ഡോള്‍ഫിനുകളെ കണ്ടെത്തിയത്  ഉത്തര്‍പ്രദേശിലാണ് (2,397). ബിഹാറില്‍ 2,220, ബംഗാളില്‍ 815, അസമില്‍ 635 എന്നിങ്ങനെയായിരുന്നു ഡോള്‍ഫിനുകളുടെ എണ്ണം. 2021 മുതല്‍ 2023 വരെ നീണ്ടുനിന്ന സര്‍വ്വേയില്‍ റിപ്പോര്‍ട്ട് വന്നത് തിങ്കളാഴ്ചയാണ്.

28 നദികളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. എട്ട് സംസ്ഥാനങ്ങളിലെ നദികളിലായി 8,000 ലധികം കിലോമീറ്ററുകള്‍ നീളുന്നതായിരുന്നു സര്‍വ്വേ. ഡോള്‍ഫിനുകളുടെ എണ്ണം കണക്കാക്കുന്നതിനായി നടത്തിയ പ്രൊജക്ട് ഡോള്‍ഫിന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല സര്‍വ്വേകളില്‍ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *