പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കും, ഡിസിസികൾക്ക് കർശന നിർദേശങ്ങൾ; എഐസിസി സമ്മേളനം അവസാനിച്ചു

ഗുജറാത്തിൽ രണ്ടുദിവസം നീണ്ടുനിന്ന എഐസിസി സമ്മേളനം അവസാനിച്ചു. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പ്രായോഗിക ശൗര്യവുമൊത്തിണങ്ങിയ പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കുമെന്നാണ് അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനം.

സബർമതി തീരത്ത് നടന്ന സമ്മേളനത്തിൽ 1700-ലധികം നേതാക്കളാണ് പങ്കെടുത്തത്. കേരളത്തിൽ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സാമൂഹിക നീതിക്കും മതേതരത്വത്തിനും ഊന്നൽ നൽകാനും സംഘടനാതലത്തിൽ ഡിസിസികളെ ശാക്തീകരിക്കാനുമുളള മാർഗനിർദേശങ്ങൾക്ക് സമ്മേളനം അംഗീകാരം നൽകി. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2025 കോൺഗ്രസിന്റെ പുനർജനി വർഷമായിരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നും ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷം, മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയവും പാസാക്കിയിട്ടുണ്ട്. പാർട്ടിക്ക് കരുത്തേകാൻ കർശന നിർദേശങ്ങളാണ് എഐസിസി സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പാർട്ടിക്കുവേണ്ടി പണിയെടുക്കാത്തവർക്ക് പദവികളിൽനിന്ന് നിർബന്ധിത വിരമിക്കലുണ്ടാകുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ ശാക്തീകരണ നടപടി തന്നെയാകും സംഘടനയിൽ വരുത്താനുദ്ദേശിക്കുന്ന പ്രധാനമാറ്റമെന്ന് ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

ഡിസിസികൾക്കും അധ്യക്ഷന്മാർക്കും പ്രവർത്തന മാർഗരേഖയിറക്കും. അത് കർശനമായി പാലിക്കണം, ഡിസിസിക്ക് കീഴിലെ മുഴുവൻ കമ്മിറ്റികളും അടുത്ത ഒരു വർഷത്തിനുളളിൽ അധ്യക്ഷന്മാർ പുനസംഘടിപ്പിക്കണമെന്നാണ് മാർഗരേഖയിലെ പ്രധാന വ്യവസ്ഥ. ഗ്രൂപ്പു കളിക്ക് നിന്നുകൊടുക്കാത്ത ഡിസിസി പ്രസിഡന്റുമാരെയാണ് പാർട്ടിക്ക് ആവശ്യമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികൾ കഴിവുളളവരെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണം. ഇക്കാര്യത്തിൽ ഡിസിസി അധ്യക്ഷന്മാരുടെ പ്രവർത്തനം സുതാര്യവും പക്ഷപാതരഹിതവുമാകണം. ഡിസിസി ഘടനയ്ക്ക് കൃത്യമായ മാർഗരേഖ എഐസിസി നൽകുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *