നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരുകൂട നിറയെ നിവേദനം; ജനങ്ങൾ സര്‍ക്കാരിനോട് ഇരന്നുമേടിക്കാന്‍ ശീലിച്ചിരിക്കുന്നു: വിവാദമായി ബിജെപി നേതാവിന്റെ പ്രസ്താവന

പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളെയും നിവേദനങ്ങളെയും യാചനയോട് ഉപമിച്ചുകൊണ്ട് ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേൽ നടത്തിയ പ്രസ്താവന വിവാദത്തില്‍. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. പ്രഹ്ലാദ് പട്ടേലിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതപക്ഷം രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചിരിക്കുന്നത്.

ജനങ്ങള്‍ സര്‍ക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരുകൂട നിറയെ നിവേദനങ്ങളുമായി ആളുകള്‍ വരികയാണ്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കൈയില്‍ ഒരു നിവേദനും കൂടി നല്‍കുന്നതാണ് രീതി. ഇതൊരു നല്ല കീഴ്‌വഴക്കമല്ല. എല്ലാം ചോദിച്ച് വാങ്ങുന്നതിന് പകരം ദാനശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പട്ടേൽ പറയുന്നു.

എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ കൂടുതല്‍ ദുര്‍ബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതല്‍ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സൗജന്യങ്ങളില്‍ ആകൃഷ്ടരാകുന്നത് ധീരരായ വനിതകള്‍ക്ക് ഭൂഷണമല്ല. ഒരു രക്തസാക്ഷി ആരോടെങ്കിലും യാചിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? രക്തസാക്ഷികള്‍ ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ആദര്‍ശം അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ആളുകള്‍ സഹായം ചോദിക്കുകയും നിവേദനം തരികയുമെല്ലാം ചെയ്യുമ്പോഴും ഞങ്ങള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയും പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നുണ്ട്. ഒരു നര്‍മ്മദ പരികര്‍മ്മ തീര്‍ഥാടകന്‍ എന്ന നിലയില്‍ ഞാന്‍ ദാനം ചോദിക്കാറുണ്ട്. പക്ഷെ, അതൊരിക്കലും എനിക്കുവേണ്ടിയല്ല. പ്രഹ്ലാദ് പട്ടേലിന് എന്തെങ്കിലും കൊടുത്തുവെന്ന് ആളുകള്‍ പറയുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബി.ജെ.പി. നേതാവ് സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ജീതു പത്വാരി പറഞ്ഞു. പൊതുജനങ്ങളെ ഭിക്ഷക്കാരെന്ന് വിളിക്കുന്ന നിലയിലേക്ക് ബി.ജെ.പിക്കാരുടെ അഹങ്കാരം വളര്‍ന്നിരിക്കുന്നു. കഷ്ടപ്പെടുന്ന ജനങ്ങളെ പരിഹസിക്കുകയും വ്യാജവാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയുമാണ്. ഇത് ജനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാല്‍ ഒരു നാണവുമില്ലാതെ അവരെ ഭിക്ഷക്കാര്‍ എന്നുവിളിച്ച് അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *