നീറ്റ് അപേക്ഷ കൊടുക്കവെ പിൻ രണ്ട് തവണ തെറ്റിച്ചു; അച്ഛൻ ശകാരിച്ചതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി

തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥി ജീവനൊടുക്കി. അച്ഛൻ ശകാരിച്ചതിനുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് കണ്ടെത്തി.

വില്ലുപുരം സ്വദേശിനിയായ ഇന്ദു (19) ആണ് മരിച്ചത്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകുമ്പോൾ തെറ്റായ പിൻ നൽകിയതിന് അച്ഛൻ ശകാരിച്ചിരുന്നെന്നാണ് കണ്ടെത്തൽ. ഒബിസി കാറ്റഗറിയിലാണ് ഇന്ദുവിന് നീറ്റ് അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്. ഇതിന് വേണ്ടി അച്ഛൻ ഒരു സർക്കാർ ജനസേവന കേന്ദ്രത്തിലേക്ക് പോയി. അവിടെ വെച്ച് അപേക്ഷ നൽകുന്നതിനിടെ ഇന്ദുവിന്റെ ഫോണിലേക്ക് അപേക്ഷയുടെ ഭാഗമായ പിൻ ലഭിച്ചു. ഇത് അറിയാനായി അച്ഛൻ ഫോൺ വിളിച്ച് ചോദിച്ചപ്പോൾ രണ്ട് തവണയും പറഞ്ഞുകൊടുത്തത് തെറ്റിപ്പോയത്രെ. എന്നിരുന്നാലും പിന്നീട് അപേക്ഷ പൂർത്തിയാക്കി സമർപ്പിക്കാൻ സാധിച്ചു.

തിരികെ വീട്ടിലെത്തിയ അച്ഛൻ പിൻ തെറ്റിച്ച് പറഞ്ഞുകൊടുത്തതിന്റെ പേരിൽ ഇന്ദുവിനെ ശകാരിച്ചു. ഇതാണ് ജീവനൊടുക്കാൻ പ്രേരണയായതെന്ന് പൊലീസ് കണ്ടെത്തി. പരീക്ഷയിൽ പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കില്ലെന്ന ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് പൊലീസ് നിഷേധിച്ചു. 

വില്ലുപുരത്തെ സ്വന്തം ഗ്രാമത്തിലുള്ള ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നു തന്നെയാണ് ഇന്ദു പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയത്. പിന്നീട് പുതുച്ചേരിയിലെ ഒരു സ്വകാര്യ കോച്ചിങ് സെന്ററിൽ ചേർന്ന് കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയെഴുതി. എന്നാൽ മെച്ചപ്പെട്ട മാർക്ക് ലഭിക്കാൻ സാധിച്ചില്ല. ഈ വർഷം വീണ്ടും പരീക്ഷയെഴുതാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായ മരണം.

Leave a Reply

Your email address will not be published. Required fields are marked *