കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചായ വിളമ്പിയാണ് താൻ വളർന്നതെന്നും ചായയുമായി മോദിക്ക്‌ വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും മിർസാപുരിലെ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാർട്ടിക്ക് വേണ്ടി ആരും തങ്ങളുടെ വോട്ടുകൾ പാഴാക്കാൻ ആ​ഗ്രഹിക്കുന്നില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല. സർക്കാർ രൂപവത്കരിക്കുമെന്ന് ഉറപ്പുള്ളവർക്ക് വേണ്ടി മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യുകയുള്ളൂ. ഇന്ത്യ സഖ്യത്തിലെ ആളുകളെ ജനങ്ങൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. അവർ കടുത്ത വർ​ഗീയവാദികളാണ്. ഇക്കൂട്ടർ തീവ്രജാതി ചിന്ത പേറുന്നവരും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമ പ്രവർത്തിക്കുന്നവരുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

യാദവ സമുദായത്തിൽപ്പെടുന്ന കഴിവുള്ള ഒരുപാട് പേരുണ്ടെങ്കിലും അഖിലേഷ് യാദവ് തന്റെ കുടുംബത്തിൽപ്പെട്ടവർക്ക് മാത്രമേ സീറ്റ് നൽകുകയുള്ളൂവെന്നും പിടിക്കപ്പെടുന്ന തീവ്രവാദികളെപ്പോലും എസ്.പി സർക്കാർ വെറുതെ വിടുമെന്നും ഇക്കാര്യത്തിന് മടി കാണിക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥരെ അവർ സസ്പെൻഡ് ചെയ്യുമെന്നും മോദി പറഞ്ഞു.

യു.പിയും പുർവാഞ്ചലും അവർ മാഫിയകളുടെ വിഹാരകേന്ദ്രങ്ങളാക്കി. തങ്ങളുടെ ജിവിതവും സ്ഥലവും എപ്പോൾ വേണമെങ്കിലും ആർക്കും തട്ടിയെടുക്കാമെന്ന സ്ഥിതിയായിരുന്നു എസ്.പിയുടെ ഭരണകാലത്ത്. അക്കാലങ്ങളിൽ മാഫിയ അം​ഗങ്ങളും വോട്ട് ബാങ്കായി പരി​ഗണിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *