കുകി വിഭാഗത്തിൽ നിന്ന് ഒരു എംഎൽഎ പോലും ഇല്ല ; മണിപ്പൂർ നിയമസഭാ സമ്മേളനം ആരംഭിച്ചു

കുകി സോമി വിഭാഗത്തിൽ നിന്നുള്ള ഒറ്റ എംഎൽഎമാരുടെ സാന്നിധ്യം പോലുമില്ലാതെ മണിപ്പൂർ നിയമ സഭാ സമ്മേളനം ആരംഭിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശേഷമുള്ള മൂന്നാമത്തെ സമ്മേളനമാണ് ബുധനാഴ്ച ആരംഭിച്ചത്. ഓഗസ്റ്റ് 12 വരെയാണ് 60 അംഗ നിയമസഭയുടെ സമ്മേളനം നടക്കുന്നത്.10 എംഎൽഎമാരാണ് കുകി സോമി വിഭാഗങ്ങളിൽ നിന്നുള്ളത്.

ബുധനാഴ്ച 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ കുകി, സോമി വിഭാഗങ്ങളിൽ നിന്നുള്ള എംഎൽഎമാരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. മെയ്തെയ് വിഭാഗവും കുകി, സോമി വിഭാഗവും തമ്മിലുള്ള സംഘർഷം മണിപ്പൂരിനെ വലച്ചിരുന്നു. എന്നാൽ കുകി വിഭാഗത്തിലെ എംഎൽഎമാർക്ക് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നൽകിയിരുന്നുവെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പ്രതികരിക്കുന്നത്.

എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കാത്തതിനേക്കുറിച്ച് കുകി, സോമി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാർ പ്രതികരിച്ചിട്ടില്ല. നേരത്തെ സുരക്ഷ കാരണങ്ങളാൽ ഇംഫാലിലേക്ക് യാത്ര ചെയ്യാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഈ എംഎൽഎമാർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ സംഘർഷാവസ്ഥയിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിശദമാക്കുന്നത്. സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം നികത്താൻ 500 കോടിയുടെ പ്രത്യേക സഹായമാണ് കേന്ദ്രം മണിപ്പൂരിന് അനുവദിച്ചിട്ടുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *