അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ, പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ. ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. ബഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാൽ ഡാമിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറന്നുവിട്ടത്. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു തുള്ളി വെള്ളവും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് രണ്ട് അണക്കെട്ടുകളുടേയും ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഷട്ടറുകൾ തുറന്നതോടെ പാകിസ്താനിൽ ചെനാബ് നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോർട്ട്.
പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജലകരാർ ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്. ചെനാബും ഉടമ്പടിയുടെ ഭാഗമാണ്. പാകിസ്താനിലേക്കുള്ള ചെനാബ് നദിയിലെ ജലപ്രവാഹം ഇന്ത്യ നിയന്ത്രിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നതിനാൽ പാകിസ്ഥാൻ പ്രളയഭീതിയിലാണ്.