ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ചീഫ് ജസ്റ്റീസ് നൽകിയ റിപ്പോർട്ട് പുറത്ത് വിട്ട് സുപ്രിംകോടതി. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ ആവശ്യപ്പെടുന്നു. ഹോളി ദിനത്തിലാണ് ജഡ്ജിയുടെ വസതിയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെത്തിത്. ഈ സംഭവത്തിലാണ് സുപ്രിം കോടതി വിശദമായ റിപ്പോർട്ട് പുറത്തു വിട്ടത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയ ഡൽഹി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ടാണ് സുപ്രിംകോടതി പുറത്തുവിട്ടത്. കത്തിയ നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. അതേസമയം, പണം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.
ഈ സാഹചര്യത്തിൽ സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സുപ്രിംകോടതി. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയ കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവർ അംഗങ്ങളായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ആരോപണ വിധേയനായ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമയെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും സുപ്രിംകോടതി തീരുമാനിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നടപടി.