സംസ്ഥാനത്ത് 126 ഇടങ്ങളില്‍ സംഘടിപ്പിച്ച മോക് ഡ്രിൽ അവസാനിച്ചു

പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക് ഡ്രിൽ അവസാനിച്ചു. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്. എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി. ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. മോക് ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. നാലരവരെയായിരുന്നു മോക് ഡ്രിൽ.

1971ൽ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു മുന്നോടിയായാണ് ഇന്ത്യയിൽ നേരത്തേ ഇത്തരത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചത്. ആക്രമണത്തിന്റെ ഭാഗമായി തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ ഏതു തരത്തില്‍ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്കു മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മോക് ഡ്രില്ലിന്റെ ഭാഗമായി നടന്നത്. മോക് ഡ്രില്ലില്‍ കൺട്രോൾ റൂമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവർത്തനക്ഷമത പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കി. വൈദ്യുത ബന്ധം, ഫോൺ സിഗ്നലുകൾ തകരാറിലായാൽ എന്തൊക്കെ ചെയ്യും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ മോക് ഡ്രില്ലിലൂടെ പരിശോധിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *