കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.
10.30ക്ക് ഹെലികോപ്റ്റർ മാർഗം വിഴിഞ്ഞത്തെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി എംഎസ്സിയുടെ കൂറ്റൻ കപ്പലായ സെലസ്റ്റിനോ മരസ്‌കായെ ബർത്തിലെത്തി സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിക്കുന്ന മോദി 11 മണിക്ക് പൊതു സമ്മേളനവേദിയിലെത്തി ഉദ്ഘാടനം നിർവ്വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ, ജി ആർ അനിൽ, ഗൌതം അദാനി, കരൺ അദാനി ഉൽപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടു നിൽക്കും. പൊതു ജനത്തിന് രാവിലെ 7 മണി മുതൽ 9.30 വരെ പ്രവേശനം ലഭിക്കും. രാവിലെ 6 മുതൽ ഉച്ചക്ക് 2 മണിവരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് 12.30ക്ക് ചടങ്ങുകൾ പൂർത്തിയാവും. ശേഷം പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലേക്ക് മടങ്ങും.