വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് സിഖ് മതവിശ്വാസി രംഗത്ത്. ഗുഡ്ഗാവിലെ ഗുരുദ്വാര സിംഗ് സഭയുടെ പ്രസിഡന്റായ ദയാ സിംഗാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മുസ്ലീങ്ങളല്ലാത്തവർ വഖഫുകളായി സ്വത്തുക്കൾ സമർപ്പിക്കുന്നതിൽ നിന്ന് വിലക്കിയ ഭേദഗതിയെ പ്രത്യേകം എടുത്ത് പരാമർശിച്ച് കൊണ്ടാണ് ഹർജി.
മതപരമായ പരിധികൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുള്ള തന്റെ മൗലികാവകാശത്തെ ഭേദഗതികൾ ലംഘിക്കുന്നുവെന്ന് ദയാ സിംഗ് ഹർജിയിൽ പറയുന്നു. ഇത് സിഖ് മൂല്യങ്ങളിൽ അധിഷ്ഠിതവും ഭരണഘടനയാൽ സംരക്ഷിക്കപ്പെട്ടതുമാണ്. മതങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ വക്താവാണെന്നും വിവിധ സമൂഹങ്ങൾക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നയാളാണ് താനെന്നും ഹർജിക്കാരൻ കോടതിയെ അറിയിക്കുകയുണ്ടായി.
ഭേദഗതി നിയമം പ്രത്യക്ഷത്തിൽ ഏകപക്ഷീയവും, ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മതേതര ധാർമ്മികതയ്ക്ക് വിരുദ്ധവുമാണ്. ഹിന്ദു, സിഖ് മത ട്രസ്റ്റുകൾക്ക് താരതമ്യേന സ്വയംഭരണാധികാരമുള്ള നിയമപരമായ പദവി ഉള്ളപ്പോൾ, വഖഫ് നിയമത്തിലെ ഭേദഗതികൾ വഖഫ് കാര്യങ്ങളിൽ സർക്കാരിന്റെ മേൽനോട്ടം ഉണ്ടാകുന്നു. ഈ വ്യത്യസ്ത പരിഗണനയ്ക്ക് ഭരണഘടനാ ന്യായീകരണമില്ല. കൂടാതെ ആർട്ടിക്കിൾ 14 ലംഘിക്കുന്നു. വഖഫിന്റെ നടത്തിപ്പിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ ഈ നിയമം മുസ്ലീം സമൂഹത്തിൽ വിവേചനപരമാണെന്നും ദയാ സിംഗ് വാദിച്ചു.
അതേസമയം വഖഫ് ഭേദഗതി നിയമം 2025 ചോദ്യം ചെയ്തുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് പരിഗണിക്കുക.