ദില്ലി: പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീം കോടതി ഉടൻ വാദം കേൾക്കില്ല. ഏപ്രിൽ 16-ന് ഹർജികൾ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹർജികൾ 16-ന് പരിഗണിച്ചാൽ മതിയെന്ന് തീരുമാനമെടുത്തത്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. നിയമം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും കാട്ടി കെ.എൻ.എം മർകസസുദ്ദഅവ ( മുജാഹാദ്) സംസ്ഥാന കമ്മിറ്റിയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ മുനമ്പത്തെ സ്ഥലം വഖഫ് ആക്കിയ വഖഫ് ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളജ് മാനേജ്മന്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ വാദം തുടങ്ങി. 1950ൽ സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നൽകിയ സമ്മത പത്രവും അതിലെ വ്യവസ്ഥകളുമാണ് ട്രൈബൂണൽ പരിശോധിച്ചത്. ഭൂമി തിരിച്ചെടുക്കാൻ വ്യവസ്ഥ ഉള്ളതിനാൽ ഇത് വഖഫ് അല്ല, ദാനം നൽകിയതാണെന്നായിരുന്നു ഫാറൂഖ് കോളേജിന്റെ വാദം. ആധാര വ്യവസ്ഥകൾ വഖഫ് ആണെന്നും, കോളേജ് ഇല്ലാതായെങ്കിൽ മാത്രമാണ് തിരിച്ചെടുക്കുക എന്ന വാദം നില നിൽക്കൂവെന്നും ബോർഡ് വാദിച്ചു. കേസിൽ മുനമ്പം നിവാസികൾ എതിർ സത്യവാങ്മൂലം ഇന്ന് സമർപ്പിച്ചു. ഫാറൂഖ് കോളജ് മത – ജീവകാരുണ്യ സ്ഥാപനമല്ലെന്നും അതിനാൽ ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ല എന്നുമാണ് മുനമ്പം നിവാസികളുടെ വാദം. ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ കോടതിയുടെ മുൻ വിധികൾ നാളെ ട്രിബൂണൽ പരിശോധിക്കും.