പെഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയിലാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദർശനം മാറ്റിവെച്ചു. മെയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്സ് സന്ദർശനമാണ് മാറ്റിവെച്ചത്. നേരത്തെ മെയ് 9 ന് നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വ്യാദിമിർ പുടിൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ പെഹൽഗാം ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ ഈ സന്ദർശനം പ്രധാനമന്ത്രി മാറ്റിവെക്കുകയായിരുന്നു.
പാകിസ്ഥാൻ ഭീകരരുടെ താവളങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് അടക്കം അതി പ്രധാന സാഹചര്യത്തിലാണ് രണ്ടാമതും വിദേശ സന്ദർശനം മാറ്റിവെക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവരങ്ങളും തുടർ നടപടികളും അതിർത്തിയിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.