യുഎഇയിൽ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു, 38 വർഷം ഗൾഫ് ന്യൂസിൽ ചീഫ് ഫോട്ടോഗ്രാഫർ

അബുദാബി: യുഎഇയിൽ ദീർഘകാലമായി ഫോട്ടോ ജേണലിസ്റ്റായി പ്രവർത്തിച്ചിരുന്ന മലയാളി മരിച്ചു. തൃശൂർ എറിയാട് സ്വദേശി മണ്ടായപ്പുറത്ത് എംകെ അബ്ദുൽറഹ്‌മാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ മരിച്ചത്. 70 വയസ്സായിരുന്നു. ഗൾഫ് ന്യൂസിൽ ചീഫ് ഫോട്ടോഗ്രാഫറായി ജോലി ചെയ്ത് വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. സന്ദർശന വിസയിൽ രണ്ട് മാസം മുൻപാണ് തിരികെയെത്തിയത്. അടുത്ത ആഴ്ച വീണ്ടും മടങ്ങാൻ ഇരിക്കെയാണ് മരണം.

1976ൽ ദുബൈയിലെത്തിയ അബ്ദുൽറഹ്‌മാൻ 1982ലാണ് ഗൾഫ് ന്യൂസിൽ ജോലി ആരംഭിച്ചത്. യുഎഇയിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിലും സാമൂഹിക, സാംസ്‌കാരിക വേദികളിലും നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഭരണാധികാരികളുമായും വ്യവസായികളുമായും സംഘടനാ ഭാരവാഹികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്‌സിൽ ബിരുദം നേടിയ അബ്ദുൽറഹ്‌മാൻ തേജസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രഫിയിൽ നിന്ന് ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ നേടി. യുഎഇയിൽ എത്തിയ ശേഷം ദേര സബ്ക്കയിലെ അൽ അഹ്‌റം സ്റ്റുഡിയോ ആൻഡ് ഷോപ്പ്‌സിൽ ആണ് ആദ്യം ജോലി ചെയ്ത് തുടങ്ങിയത്. പിന്നീട് അൽ ഇത്തിഹാദ് സ്റ്റുഡിയോയിലും ജോലി ചെയ്തു. അൽ നഖാഫ് സ്റ്റുഡിയോയിൽ പാർട്ണറും സീനിയർ ഫോട്ടോഗ്രഫറും ആയി. ഗൾഫ് ന്യൂസിൽ 38 വർഷം ജോലി ചെയ്ത് ചീഫ് ഫോട്ടോഗ്രാഫറായാണ് വിരമിച്ചത്. നസീം ആണ് ഭാര്യ. മക്കൾ: ഫാസിൽ, ഫായിസ. മരുമക്കൾ: ഷിഫാന, ഷെഹീൻ. ഇന്ന് വൈകിട്ട് നാലു മണിക്ക് ബനിയാസ് കബർസ്ഥാനിൽ കബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *